Sorry, you need to enable JavaScript to visit this website.

മരട് ഫ്‌ലാറ്റ്: സുപ്രീം കോടതി കമ്മീഷൻ വീഴ്ച വരുത്തിയെന്ന് താമസക്കാർ

കൊച്ചി - സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ ശരിയായ വിവരം കോടതിയെ ധരിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് മരട് ഫ്‌ലാറ്റിലെ താമസക്കാർ പറഞ്ഞതെന്ന് ഇവരെ സന്ദർശിച്ച ശേഷം ഉമ്മൻ ചാണ്ടിയും പി.കെ. കുഞ്ഞാലിക്കുട്ടിയും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഫഌറ്റ് പൊളിക്കുമ്പോൾ അത് ബാധിക്കുന്നവരെ അതിനു മുമ്പായി കേൾക്കേണ്ടതാണ്. എന്നാൽ ഇവിടെ ഇരയാക്കപ്പെടുന്നവർക്ക് അതിനവസരം ലഭിച്ചില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കോടതി ചുമതലപ്പെടുത്തിയ കമ്മിറ്റി ഇവിടെ താമസിക്കുന്ന ഒരാളോടു പോലും അഭിപ്രായം തേടിയില്ലെന്നാണ് ഇവർ പറഞ്ഞതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അത് ഗുരുതരമാണ്. പൊളിക്കുമ്പോൾ അത് നേരിട്ട് ബാധിക്കുന്നവരോട് കാര്യങ്ങൾ ചോദിക്കാനോ അവരുടെ കാര്യങ്ങൾ കേൾക്കാനോ പോലും തയാറാകാതെ ഇത്തരത്തിൽ സ്ഥിതി വിശേഷം ഉണ്ടാക്കിയത് നിർഭാഗ്യകരമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സിആർഇസഡ് നിയമം മൂലം നേരത്തെ മൽസ്യത്തൊഴിലാളികളുടെ വീട് അറ്റകുറ്റപ്പണി നടത്താൻ പോലും സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടത്തിയ ഇടപെടലിനെ തുടർന്നാണ് നിയമത്തിൽ മാറ്റം വന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 
ഫ്‌ലാറ്റ് നിൽക്കുന്ന സ്ഥലം സിആർഇസഡ് രണ്ടിൽ പെടുന്നതാണെന്നും മൂന്നിലല്ലെന്നുമാണ് ഫഌറ്റുടമകൾ പറയുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടില്ലെന്നു താമസക്കാർ പറഞ്ഞതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് അടിസ്ഥാനപരമായ തെറ്റാണ്. തെറ്റു പറ്റിയിരിക്കുന്നത് റിപ്പോർട്ട് കൊടുത്തിരിക്കുന്ന കമ്മിറ്റിക്കാണ്. അല്ലാതെ അന്നത്തെ സർക്കാരിനല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കമ്മിറ്റി കൊടുത്തിരിക്കുന്ന റിപ്പോർട്ട് വസ്തുനിഷ്ഠമല്ല. യഥാർഥ വസ്തുത കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ അവസരം ഉണ്ടായിട്ടും കമ്മിറ്റി അത് ചെയ്തില്ലെന്നാണ് താമസക്കാർ മുന്നോട്ടു വെച്ച പ്രധാന പരാതിയെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
അടിസ്ഥാനപരമായ തെറ്റ് കമ്മിറ്റി റിപ്പോർട്ടിൽ സംഭവിച്ചിരിക്കുന്നു. അതിനാലാണ് പൊളിക്കൽ പ്രശ്‌നം വന്നിരിക്കുന്നത്. ഈ വിവരമെല്ലാം നാളെ സർക്കാർ വിളിച്ചിരിക്കുന്ന സർവകക്ഷി യോഗത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണണം. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇവരുടെ ആവശ്യത്തെ പിന്തുണക്കുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Latest News