കുവൈത്ത് സിറ്റി- ഇന്ത്യക്കാര്‍ക്ക് കുടുതല്‍ തൊഴിലവസരം ഉറപ്പുവരുത്തുന്നതിന് സഹായിക്കാന്‍ കുവൈത്ത് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ആവശ്യപ്പെട്ടു. കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറല്ല, സാമ്പത്തികകാര്യ മന്ത്രി മറിയം അല്‍ അഖീല്‍ എന്നിവരുമായാണ് അദ്ദേഹം ചര്‍ച്ച നടത്തിയത്. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നുവെങ്കിലും ഇസ്‌ലാമിക് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (ഒ.ഐ.സി)യുടെ അടിയന്തര യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ജിദ്ദയിലേക്ക് പോയതിനാല്‍ വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറല്ലയുമായി ചര്‍ച്ച ക്രമീകരിക്കുകയായിരുന്നു.
ഗാര്‍ഹിക, സ്വകാര്യ മേഖലകളില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ത്വരിത നടപടി ഉറപ്പാക്കണമെന്നും എന്‍ജിനീയര്‍മാരുടെ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്മേല്‍ അനുകൂലമായ തീരുമാനം എളുപ്പത്തില്‍ വേണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വിദേശമന്ത്രാലയത്തില്‍ ഗള്‍ഫ് വിഭാഗം മേധാവി നാഗേന്ദ്ര പ്രസാദ്, ഇന്ത്യന്‍ സ്ഥാനപതി കെ.ജീവസാഗര്‍, കുവൈത്ത് വിദേശ മന്ത്രാലയത്തിലെ ഏഷ്യന്‍ വിഭാഗം ഉപമന്ത്രി അലി അല്‍ സഈദ്, ഉപമന്ത്രി തലാല്‍ അല്‍ ശത്തി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.