Sorry, you need to enable JavaScript to visit this website.

ദുബായ്,ഷാർജ  കാർഗോ സർചാർജ്,  ഉയർത്തിയ നിരക്ക് എയർഇന്ത്യ  പകുതിയാക്കി

കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദുബായ്,ഷാർജ മേഖലയിലേക്ക് ഉയർത്തിയ കാർഗോ സർചാർജ് എയർഇന്ത്യ പകുതി കുറച്ചു. കരിപ്പൂരിൽനിന്ന് മാത്രം സർചാർജ് വർധിപ്പിച്ച തീരുമാനം കൊച്ചി,തിരുവന്തപുരം വിമാനത്താവളങ്ങളിലും നടപ്പിലാക്കി. ഒരു കിലോ കാർഗോക്ക് ദുബായ്,ഷാർജ മേഖലയിലേക്ക് മാത്രം 10 രൂപയാണ് എയർ ഇന്ത്യ സർചാർജ്  ഉയർത്തിയിരുന്നത്. ഇത് അഞ്ചുരൂപയാക്കി കുറച്ചു. പുതിയ നിരക്ക് ഇതോടെ കിലോക്ക് 48 രൂപയായി. എയർ ഇന്ത്യയുടെ നിരക്ക് വർധനവിനെതിരെ വ്യാപക പ്രതിഷേധങ്ങളുയർന്നത്. രണ്ടിടങ്ങളിലേക്കുമുളള വിമാനങ്ങളിൽ കാർഗോ കയറ്റുമതി ഏജൻസികൾ നിർത്തിവെച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് യാത്രക്കാരുമായി മാത്രമാണ് ഈവിമാനങ്ങൾ പുറപ്പെട്ടത്. എയർ ഇന്ത്യയുടെ എ.ഐ.937,എ.ഐ.997 എയർഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 343,ഐ.എക്‌സ് 345,ഐ.എക്‌സ് 351 എന്നീ വിമാനങ്ങളിലുളള കാർഗോ കയറ്റുമതിയാണ് ഏജൻസികൾ നിർത്തിവെച്ചിരുന്നത്.
നിരക്ക് പകുതി കുറക്കുകയും മറ്റുവിമാനത്താവളങ്ങളിൽ വരുത്തുകയും ചെയ്തതോടെ ഏജൻസികൾ ചൊവ്വാഴ്ച മുതൽ കാർഗോ അയച്ചു തുടങ്ങും. കോഴിക്കോട് മലബാർ ഡവലപ്‌മെന്റ് ഫോറം നടത്തിയ എയർഇന്ത്യ ഓഫീസ് ഉപരോധത്തിലും പ്രധാന വിഷയങ്ങളിൽ ഒന്ന് കാർഗോ സർചാർജ് വർധനവായിരുന്നു. ഇതു സംബന്ധിച്ച് കാലിക്കറ്റ്് എക്‌സ്‌പോട്ടേഴ്‌സ് അസോസിയേഷൻ എയർ ഇന്ത്യ കോഴിക്കോട് സ്‌റ്റേഷൻ മാനേജർക്ക് നിവേദനം നൽകിയിരുന്നു. കരിപ്പൂരിൽനിന്ന് ദിനേന അഞ്ച് വിമാനങ്ങളാണ് ദുബായിലേക്കും ഷാർജയിലേക്കും എയർഇന്ത്യ നടത്തുന്നത്.ഓരോ വിമാനത്തിലും മൂന്ന് ടൺ പഴം-പച്ചക്കറി ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നത്.
    
     
      

Latest News