ദമാം- ഗൾഫിൽ അവധിക്കാലമായതോടെ പ്രവാസികളെ ചൂഷണം ചെയ്യുന്നതിൽ വിമാന കമ്പനികൾ മുൻകാല റെക്കോർഡുകൾ തകർക്കാനൊരുങ്ങുകയാണ്. ഇന്ത്യൻ സ്‌കൂളുകൾ അടക്കം കമ്മ്യൂണിറ്റി സ്‌കൂളുകൾ അടച്ച സമയം മുതലെടുത്താണ് വിമാന കമ്പനികൾ യാതൊരു മാനദണ്ഡവുമില്ലാതെ നിരക്ക് വർധിപ്പിച്ച് ചൂഷണം നടത്തുന്നത്. ഈ മാസം ആദ്യവാരം മുതൽ തന്നെ അതിനുള്ള തയാറെടുപ്പ് തുടങ്ങിയിരുന്നു. മൂന്നിരട്ടി വർധനവ് നടത്തിയാണ് പ്രവാസി സമൂഹത്തെ കഷ്ടപ്പെടുത്തുംവിധം വിമാന കമ്പനികൾ കൊള്ളയടി നടത്തുന്നത്. കഴിഞ്ഞ പെരുന്നാൾ അവധിക്കാലത്താവട്ടെ അഞ്ചിരട്ടി വരെ ചാർജ്്് വർധിപ്പിച്ചിരുന്നു. ഇന്ത്യയിലെ യാത്രക്കാരിൽ ഏറ്റവും കൂടുതൽ കേരളത്തിലേക്ക് ആണെന്നിരിക്കെ യാത്രാകൂലി വർധനവിൽ ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കേണ്ടി വരുന്നത് മലയാളികളാണ്്. മുൻകാലങ്ങളിലെ പോലെ പല കോണുകളിൽ നിന്നായി ചാർജ് വർധനവിൽ ശക്തമായ പ്രതിഷേധം ഉയർന്നെങ്കിലും വിമാന കമ്പനികൾക്ക് ഒരു കുലുക്കവുമില്ല.
സ്‌കൂളുകളിലും മറ്റ് ഉയർന്ന തസ്തികകളിലും ജോലി ചെയ്യുന്നവർ വളരെ നേരത്തെ ടിക്കറ്റ് എടുത്തുവെച്ചിരുന്നു. അവരിൽ തന്നെ പലർക്കും ഇപ്രാവശ്യം ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഏതാനും ചില വിമാന കമ്പനികൾ സർവീസുകളിൽ വന്ന മാറ്റങ്ങൾ മൂലം പലരുടെയും ടിക്കറ്റ് മാറ്റി നൽകുകയും അതിന്റെ പേരിൽ അധിക തുക ഈടാക്കുകയും ചെയ്തു. ഇത് പ്രതിഷേധത്തിനും ബഹളത്തിനും ഇടയാക്കുകയും ചെയ്തു. ആശ്രിതർക്കുള്ള ലെവി പ്രഖ്യാപനം വന്നതോടെ പലരും യാത്ര ഒഴിവാക്കി വരും വർഷം കുടുംബങ്ങളെ എക്‌സിറ്റ്്് അടിച്ച്്് നാട്ടിലയക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനിടയിൽ സോഷ്യൽ മീഡിയ വഴി ഓരോ ദിവസവും ട്രോളർമാർ അടിച്ചിറക്കുന്ന കുരുക്കാത്ത നുണകൾ പ്രവാസി സമൂഹത്തെ അസ്വസ്ഥരാക്കുന്നുണ്ട്്്.
ഒരു തിരിച്ചുപോക്കിന് തയാറായി നിൽക്കുന്ന പ്രവാസി സമൂഹത്തിനുമേൽ സാമ്പത്തികമായി വരിഞ്ഞു മുറുക്കിക്കൊണ്ടാണ് എയർലൈനുകളുടെ കൊള്ളയടി. ആറു മാസങ്ങൾക്ക് മുമ്പ് തന്നെ പല എയർലൈൻ കമ്പനികളുടെയും ബാക്ക് ഓഫീസുകൾ ഈ സീസൺ നോക്കി എല്ലാ സീറ്റുകളും ബ്ലോക്ക് ചെയ്തിടുക പതിവാണ്. പിന്നീട്് തിരക്കനുസരിച്ചു സൈറ്റ് തുറന്നിട്ടാണ് കൊള്ളയടി. എന്നാൽ പതിവിനു വിപരീതമായി ഇപ്രാവശ്യം അൽപം തിരിച്ചടിയായിട്ടുണ്ടെന്നാണ്് ട്രാവൽ രംഗത്തുള്ളവർ പറയുന്നത്. അവസാന സമയമായതോടെ ഇത്രയും ഭീമമായ തുക നൽകി യാത്ര ചെയ്യാൻ ആളുകളെ കിട്ടാത്തതിനാൽ കേരളത്തിലടക്കം ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ സീറ്റ് പലതും ഒഴിഞ്ഞു കിടക്കുകയാണെന്നും അവർ പറയുന്നു. അവധിക്കാലവും ഉത്സവക്കാലവും വരുന്ന സമയത്ത് പ്രവാസി സമൂഹത്തെ കൊള്ളയടിക്കുന്ന വിമാന കമ്പനികളെ കൂച്ചുവിലങ്ങിടാൻ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മകൾ അധികാരികളിൽ കൂടുതൽ സമ്മർദങ്ങൾ ചെലുത്തേണ്ടിയിരിക്കുന്നു.