കോഴിക്കോട് - കെ. കരുണാകരൻ സ്മാരക ട്രസ്റ്റിൽ നിന്ന് പണം ലഭിക്കാത്തതിനാൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ ഉചിതമായ അന്വേഷണം നടത്തണമെന്ന് കെ.മുരളീധരൻ എം.പി ആവശ്യപ്പെട്ടു. മരിച്ച കരാറുകാരന്റെ കുടുംബത്തിന് കൂടി സ്വീകാര്യമായ അന്വേഷണമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏത് അന്വേഷണം എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ പാർട്ടി അച്ചടക്ക നടപടിയെടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
സാധാരണക്കാരെ സഹായിച്ച നേതാവായിരുന്നു കെ. കരുണാകരനെന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബോധ്യപ്പെടും. അദ്ദേഹത്തിന്റെ പേരിലെ ട്രസ്റ്റ് കാരണം ഒരാൾക്ക് ജീവൻ വെടിയേണ്ടിവരുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഈ ട്രസ്റ്റുമായി കുടുംബാംഗങ്ങൾക്കോ പാർട്ടിക്കോ ബന്ധമില്ല. ഔദ്യോഗികമായി ഒരു ട്രസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്റായിരിക്കേ രമേശ് ചെന്നിത്തല ചെയർമാനായി രൂപവൽക്കരിച്ച കെ.കരുണാകരൻ സ്മാരക ട്രസ്റ്റിൽ ഞാനും മുല്ലപ്പള്ളി രാമചന്ദ്രനും അംഗങ്ങളാണ്. ഞാൻ ചെയർമാനായി കെ. കരുണാകരൻ സ്റ്റഡി സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇത് ചാരിറ്റി സംഘടനയാണ്. പണപ്പിരിവ് പാടില്ലെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. നാടിന്റെ പല ഭാഗത്തും ലീഡറുടെ പേരിൽ ട്രസ്റ്റുകൾ ഉണ്ടെങ്കിലും അവക്കൊന്നും പാർട്ടിയുമായോ കുടുംബവുമായോ ബന്ധമില്ല. സർക്കാർ അന്വേഷണം എത്രയും പെട്ടെന്ന് വേണം.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കരുണാകരന് ചീത്തപ്പേര് കേൾപ്പിക്കരുത്. പാർട്ടിക്ക് ഒട്ടും ഉത്തരവാദിത്തമില്ലാത്ത ട്രസ്റ്റുകളുടെ ചെയ്തികളുടെ ഫലവും പാർട്ടി ഏറ്റെടുക്കേണ്ട സ്ഥിതിയാണ്.
കണ്ണൂരിലെ ട്രസ്റ്റിന്റെ ചെയർമാൻ കുഞ്ഞികൃഷ്ണൻ നായരെ എനിക്ക് അടുത്തറിയാം. മരിക്കുന്നത് വരെ കരുണാകരനൊപ്പം നിന്ന നേതാവാണ് അദ്ദേഹം. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആളാണ്. അദ്ദേഹത്തിന് എന്തു പറ്റിയെന്ന് അിറയില്ല. മറ്റാരെങ്കിലും ഇടപെട്ടോ? സർക്കാരിന്റെ അന്വേഷണത്തിലേ ഇതൊക്കെ വ്യക്തമാകൂ -മുരളീധരൻ പറഞ്ഞു.
ത്രിഭാഷാ നയമാണ് കോൺഗ്രസിന്റേത്. അതിൽ പാർട്ടി ഉറച്ചുനിൽക്കുന്നതായി സോണിയാജി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഭാഷയും അടിച്ചേൽപിക്കാൻ കോൺഗ്രസ് സമ്മതിക്കില്ല. ഗാന്ധിജിയുടെ ആശയങ്ങളെ തല്ലിക്കെടുത്തിയവരാണ് അമിത് ഷായുടെ പാർട്ടിക്കാർ. അവർ പുതിയ ഇന്ത്യയെക്കുറിച്ച് പറയുന്നത് പഴയ ഇന്ത്യക്ക് ഒരു ചരിത്രമുള്ളതുകൊണ്ടാണ്.
മരടിൽ ഫഌറ്റ് താമസക്കാരെ സംരക്ഷിക്കണം. ചട്ടം ലംഘിച്ച് അനുമതി നൽകിയത് ആരെന്ന് അന്വേഷിച്ച് നടപടിയെടുക്കാം. ഇപ്പോൾ താമസിക്കുന്നവർ ഉത്തരവാദികളല്ല. നിർമിച്ചവർക്കെതിരെയും നടപടി വേണം. ഭാവിയിൽ ഫഌറ്റുകൾ വാങ്ങുന്നവർ ഇക്കാര്യം കൂടി ശ്രദ്ധിക്കണം. കോടതി വിധി നടപ്പാക്കുന്നതിലെ ബുദ്ധിമുട്ട് സർക്കാർ കോടതിയെ ബോധ്യപ്പെടുത്തണം. പല കോടതി വിധികളും നടപ്പാക്കാൻ കഴിയാതെ പോയിട്ടുണ്ട്.
പാലായിൽ യു.ഡി.എഫ് പതിനായിരത്തിൽ കുറയാത്ത വോട്ടുകൾക്ക് ജയിക്കും. കെ.എം. മാണി ആവിഷ്‌കരിച്ച ജനോപകാരപ്രദമായ കാരുണ്യ ലോട്ടറി നിർത്തലാക്കിയ ഇടതു സർക്കാരിനെതിരെയാകും അവിടത്തെ ജനവിധി. യു.ഡി.എഫിന്റെ വിജയത്തിൽ സംശയമില്ല. കേരള കോൺഗ്രസിലെ പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് ഇടപെട്ട് തീർക്കും -അദ്ദേഹം പറഞ്ഞു.