അല്‍ഹസ- സൗദിയില്‍ തിരിച്ചെത്തിയ മലയാളിയുടെ തിരോധാനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. അവധി കഴിഞ്ഞെത്തിയ കൊണ്ടോട്ടി ചിറയില്‍ ചുങ്കം സ്വദേശി മുജീബ് റഹ് മാന്‍ (46) കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷനായത്. സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ എല്ലാ ശ്രമങ്ങളും നടത്തിയതായി അവര്‍ ഇതിനായി ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പ് സാക്ഷ്യം വഹിക്കുന്നു.
മുജീബ് റഹ് മാന്‍ അവധിക്കാലം കഴിഞ്ഞ് ഒക്ടോബര്‍ രണ്ടിന് സൗദിയിലേക്ക് മടങ്ങുമ്പള്‍ ഭാര്യ ഗര്‍ഭിണിയായിരുന്നു. ഇപ്പോള്‍ എന്തെങ്കിലും വിവരത്തിനായി പ്രതീക്ഷയോടെ കാത്തിരിപ്പ് തടുരുന്ന കുടുംബത്തോടൊപ്പം നാല് മാസം പ്രായമായ മകനുമുണ്ട്. അഞ്ച് മക്കളാണുള്ളത്.
അല്‍ഹസയില്‍ ഖത്തര്‍ അതിര്‍ത്തിയിലെ ക്യാമ്പില്‍ ജോലി ചെയ്തിരുന്ന മുജിബ് റഹ് മാന്‍ വീട്ടുകാരടക്കം പിന്നീട് ആരുമായും ബന്ധപ്പെട്ടതായി വിവരമില്ല. മുജീബ് ജോലി ചെയ്തിരുന്ന ക്യാമ്പിലെ മലയാളികളുടെ സഹായത്തോടെ സാമൂഹിക പ്രവര്‍ത്തകര്‍ മരുഭൂമിയില്‍ സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഒന്നര മാസത്തെ അവധി കഴിഞ്ഞ് വരുമ്പോള്‍ മുജീബ് കൊണ്ടുവന്നിരുന്ന ബാഗേജ് അതേപോലെ മുറിയിലുണ്ടായിരുന്നു. ശമ്പള ബാക്കിയായി ലഭിച്ചിരുന്ന 3500 റിയാലും ചെറിയ ബാഗും മൊബൈല്‍ ഫോണും എടുത്താണ് അദ്ദേഹം മുറി വിട്ടിറങ്ങിയത്.
മരുഭൂമിയില്‍ ആട്ടിടയന്മാരോടൊക്കെ വിവരം പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകര്‍ സല്‍വ അതിര്‍ത്തിവരെ പോയിരുന്നു.
അല്‍ഹസ, ദമാം എന്നിവിടങ്ങളില്‍ ജയിലുകളിലും ആശുപത്രികളിലും പോലീസ് സ്‌റ്റേഷനുകളിലുമൊക്കെ സ്‌പോണ്‍സറുടെ സഹായത്തോടെ അന്വേഷിച്ചിരുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് ബാലുശ്ശേരി പറഞ്ഞു. അപ്രത്യക്ഷനായതിനെ തുടര്‍ന്ന് ഹുറൂബ് രേഖപ്പെടുത്തിയെങ്കിലും സ്‌പോണ്‍സര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു.
അന്വേഷണത്തിനു സഹായകമാകാന്‍ രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പില്‍ മുജീബിന്റെ ബന്ധുക്കളും എന്തെങ്കിലും വിവരത്തിനായി കാത്തിരിക്കുന്നു.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മുജീബ് ബാലുശ്ശേരി (0551955975),അനില്‍ റഹിമ (0555236457) എന്നിവരുമായി ബന്ധപ്പെടണം.