തൃശൂര്‍-ഇരിങ്ങാലക്കുട മാപ്രാണത്ത് മുന്‍ പ്രവാസിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. അക്രമി സംഘത്തിലുണ്ടായിരുന്ന ഊരകം കൊടപ്പുള്ളി മണികണ്ഠന്‍ എന്നയാളാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് വര്‍ണ തിയറ്ററിന് സമീപം വാലത്ത് വീട്ടില്‍ രാജന്‍(67) വെട്ടേറ്റ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ രാജന്റെ മൂത്ത മകള്‍ വിന്‍ഷയുടെ ഭര്‍ത്താവ് വിനുവിന് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തിയേറ്റര്‍ നടത്തിപ്പുകാരന്‍ സഞ്ജയ് ഉള്‍പ്പടെ മൂന്നുപേരെ കൂടി പിടികൂടാനുണ്ട്. രാജന്‍ ഏറെക്കാലം പ്രവാസിയായിരുന്നു.
തിയേറ്ററില്‍ സിനിമ കാണാനെത്തുന്നവരുടെ വാഹനം വീട്ടിലേക്കുള്ള വഴിയില്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് രാജനും സഞ്ജയും തമ്മില്‍ തര്‍ക്കം നിലവിലുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ടും ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് അര്‍ധരാത്രിയോടെ മൂന്നു സുഹൃത്തുക്കളുമായി രാജന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.
തലയ്ക്കും കാലിനും കൈയ്ക്കും വെട്ടേറ്റ രാജന്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ബിയര്‍കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റ വിനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.