തിരുവനന്തപുരം- നടനും എം.എൽ.എയുമായ മുകേഷിന്റെയും നടി സരിതയുടെയും മകൻ ശ്രാവൺ സിനിമയിലേക്ക്. ശ്രാവണിന്റെ ആദ്യ സിനിമയുടെ പൂജയ്ക്ക് വേർപിരിഞ്ഞ അച്ഛനും അമ്മയുമെത്തി. രാജേഷ് നായർ സംവിധാനം ചെയ്യുന്ന കല്യാണം എന്ന ചിത്രത്തിലാണ് ശ്രാവൺ നായകനാകുന്നത്. തിരുവനന്തപുരത്ത് ചിത്രത്തിന്റെ പൂജയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനുമെത്തി.
വയ ഫിലിംസ് നിർമിക്കുന്ന എന്നചിത്രത്തിൽ ശ്രാവണിന്റെ നായികയാകുന്നത് ഡബ്‌സ്മാഷിലൂടെ ശ്രദ്ധേയയായ വർഷയാണ്. ചിത്രത്തിൽ മുകേഷും ശ്രീനിവാസനും ഉൾപ്പടെ പ്രമുഖർ വേഷമിടുന്നുണ്ട്.
മുകേഷിന്റെ പിതാവും മലയാള നാടകവേദിയിലെ ഇതിഹാസതുല്യനുമായ ഒ. മാധവന്റെ അസാന്നിധ്യത്തെക്കുറിച്ച് ചടങ്ങിൽ സരിത സൂചിപ്പിച്ചു. മുകേഷിന്റെ ഭാര്യ മേതിൽ ദേവികയും അമ്മയും ഉൾപ്പടെയുള്ള കുടുംബാംഗങ്ങളും സുഹൃത്തക്കളും ചടങ്ങിനെത്തിയിരുന്നു.