ജിദ്ദ- ദക്ഷിണ ജിദ്ദാ ബലദിയ്യ അധികൃതർ സുരക്ഷാ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ റെയ്ഡിൽ ഉൽപാദകർ ഏതെന്ന് രേഖപ്പെടുത്തിയിട്ടില്ലാത്ത തേൻ ശേഖരം പിടികൂടി നശിപ്പിച്ചു. അൽഅൽഫിയ്യ ഡിസ്ട്രിക്ടിൽ ഏറെ പഴക്കം ചെന്ന ഒരു വീട്ടിൽ നടത്തിയ റെയ്ഡിലാണ് 250 കുപ്പി തേൻ പിടിച്ചെടുത്തത്. കൂടാതെ യാതൊരു വിവരങ്ങളും രേഖപ്പെടുത്താത്ത ഹുക്കയിൽ ഉപയോഗിക്കുന്ന പുകയിലയും ഇവിടെ നിന്ന് കണ്ടെത്തി. മോശം സാഹചര്യത്തിലാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും സംഘം നിരീക്ഷിച്ചു. വീട് സീൽ ചെയ്ത ഉദ്യോഗസ്ഥർ അന്വേഷണത്തിന്റെ ഭാഗമായി ഉടമസ്ഥനെ വിളിപ്പിച്ചിട്ടുണ്ട്.