ഹറമൈൻ ട്രെയിൻ പദ്ധതി അഞ്ചു മാസത്തിനകവും പുതിയ ജിദ്ദ എയർപോർട്ട് അടുത്തവർഷാദ്യവും പുർത്തിയാകും
ജിദ്ദ - മക്ക, ജിദ്ദ, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിൻ പദ്ധതി അഞ്ചു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ഡെപ്യൂട്ടി ഗതാഗത മന്ത്രി എൻജിനീയർ സഅദ് അൽഖലബ് പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾപൂർത്തിയാക്കിവരികയാണ്. മുഖ്യമായും ഹജ്, ഉംറ തീർഥാടകരെ ലക്ഷ്യമിട്ടാണ് ഹറമൈൻ ട്രെയിൻ പദ്ധതി നടപ്പാക്കുന്നത്. മക്ക, ജിദ്ദ, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് 450 കിലോമീറ്റർ നീളത്തിൽ വൈദ്യുതീകരിച്ച റെയിൽപാതയാണ് നിർമിക്കുന്നത്. പ്രതിവർഷം ആറു കോടി പേർക്ക് യാത്രാ സൗകര്യം നൽകുന്നതിനുള്ള ശേഷിയിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. ഹറമൈൻ ട്രെയിൻ പദ്ധതിയിൽ സർവീസിന് ഉപയോഗിക്കുന്നതിന് 35 ഇലക്ട്രിക് ട്രെയിനുകൾക്ക് കരാർ നൽകിയിട്ടുണ്ട്.
പുതിയ ജിദ്ദ എയർപോർട്ട് നിർമാണ ജോലിയുടെ 90 ശതമാനവും പൂർത്തിയായിട്ടുണ്ട്. ജിദ്ദ എയർപോർട്ടിന്റെ ആദ്യ ഘട്ടം അടുത്ത വർഷാദ്യം പ്രവർത്തിപ്പിച്ചു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഹറമൈൻ ട്രെയിനും ജിദ്ദ എയർപോർട്ടുമടക്കം മക്ക പ്രവിശ്യയിൽ ഗതാഗത മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി ഡെപ്യൂട്ടി ഗതാഗത മന്ത്രി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരനെ അറിയിച്ചു. 105 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സ്ഥലത്താണ് പുതിയ എയർപോർട്ട് നിർമിക്കുന്നത്. പ്രതിവർഷം മൂന്നു കോടി യാത്രക്കാരെ സ്വീകരിക്കാവുന്ന ശേഷിയിലാണ് എയർപോർട്ടിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കുന്നത്. മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ എയർപോർട്ടിന്റെ പ്രതിവർഷ ശേഷി 10 കോടി യാത്രക്കാരായി ഉയരും.
ജിദ്ദയിൽ നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണിത്. സൗദി എയർപോർട്ടുകളിലൂടെ യാത്ര ചെയ്യുന്നവരിൽ 36.5 ശതമാനവും ജിദ്ദയിലാണ്. രണ്ടാം ഘട്ടത്തിൽ എയർപോർട്ടിന്റെ പ്രതിവർഷ ശേഷി അഞ്ചര കോടി യാത്രക്കാരായും മൂന്നാം ഘട്ടത്തിൽ പത്തു കോടി യാത്രക്കാരായും ഉയരും. എയർബസ് എ-380 പോലുള്ള വലിയ വിമാനങ്ങളെ സ്വീകരിക്കാവുന്ന നിലയിലാണ് പുതിയ എയർപോർട്ട് നിർമിക്കുന്നത്.