കൽപറ്റ- പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന വയനാട്, കൊല്ലം ജില്ലകളിൽനിന്ന് ഗവേഷകർ രണ്ടു പുതിയ സസ്യ ഇനങ്ങൾ കണ്ടെത്തി. വയനാടൻ മലനിരകളിലെ മേപ്പാടി തൊള്ളായിരം ചോലവനത്തിൽനിന്ന് വള്ളിപ്പാല വർഗത്തിൽപ്പെടുന്ന സസ്യവും കൊല്ലം ജില്ലയിലെ തൂവൽ മലയിൽനിന്ന് മറ്റൊരു സസ്യവുമാണ് കണ്ടെത്തിയത്. വയനാട്ടിൽ കണ്ടെത്തിയ സസ്യത്തിനു ടൈലോഫോറ ബാലകൃഷ്ണാനി, കൊല്ലത്ത് കണ്ടെത്തിയതിനു ടൈലോഫോറ നെഗ്ലെക്ട എന്നിങ്ങനെ പേരിട്ടു.
അപ്പൂപ്പൻതാടി ഗണത്തിൽപ്പെടുന്ന വിത്തുകൾ ഉണ്ടാകുന്നതാണ് വയനാട്ടിൽ കണ്ടെത്തിയ വള്ളിച്ചെടി. കായൽ പ്രദേശത്ത് കാണുന്ന ടൈലോഫോറ ഫഌക്‌സോസ എന്ന സസ്യത്തോടു ഇതിനു സാമ്യമുണ്ട്. ചുവപ്പും പിങ്കും നിറങ്ങൾ കലർന്നതാണ് പൂക്കൾ. ഡോ.എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ വയനാട് പുത്തൂർവയൽ ഗവേഷണ നിലയം മുൻ മേധാവിയും ഡിവൈ.എസ്.പിയും സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അംഗം സെക്രട്ടറിയുമായ ഡോ. വി.ബാലകൃഷ്ണൻ ശാസ്ത്രലോകത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് സസ്യത്തിനു ടൈലോഫോറ ബാലകൃഷ്ണാനി എന്നു പേരിട്ടത്. നീണ്ട ഇലകളും ചെറുപൂക്കളുമുള്ളതാണ് ടൈലോഫോറ നെഗ്ലെക്ട. ഡോ. എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ഗവേഷകരായ പി.എൻ.എം. സലിം, ജയേഷ് പി.ജോസഫ്, എം.എം.ജിതിൻ, ആലപ്പുഴ സനാതന ധർമ കോളേജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനും ഗവേഷകനുമായ ഡോ. ജോസ് മാത്യു, കൊല്ലം ശ്രീനാരായണ കോളേജിലെ ഗവേഷകനും പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ഫീൽഡ് ഓഫീസറുമായ ഡോ. റെജി യോഹന്നാൻ എന്നിവരടങ്ങുന്ന സംഘമാണ് ചെടികൾ കണ്ടെത്തിയത്. സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ പുതിയ ചെടികളെക്കുറിച്ചുള്ള ലേഖനം ഇന്റർനാഷണൽ ജേണൽ ഓഫ് എൺവിറോൺമെന്റ് ആൻഡ് ബയോഡൈവേഴ്‌സിറ്റി എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.