സൗദികളുടെ തൊഴിലില്ലായ്മ നിർമാർജനത്തിനും ലെവി സഹായിക്കുമെന്ന് ശൂറാ കൗൺസിൽ അംഗത്തിന്റെ നിരീക്ഷണം
റിയാദ് - വിദേശ തൊഴിലാളികൾക്കും ആശ്രിതർക്കുമുള്ള ലെവി സൗദികൾക്കിടയിലെ തൊഴിലില്ലായ്മയും ബിനാമി ബിസിനസ് പ്രവണതയും ഇല്ലാതാക്കുമെന്ന് ശൂറാ കൗൺസിൽ അംഗം ഡോ. ഫഹദ് ബിൻ ജുംഅ പറഞ്ഞു.
ലെവി ഈടാക്കുന്നതിൽനിന്ന് സർക്കാർ പിന്നോട്ടുപോകരുതെന്നും സൗദിവൽക്കരണം വർധിപ്പിക്കുന്നതിന് ഇപ്പോൾ പ്രഖ്യാപിച്ചതുപോലെ തന്നെ ലെവി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസാദ്യമാണ് സൗദിയിൽ ആശ്രിത ലെവി നിലവിൽവന്നത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ മുഴുവൻ ആശ്രിതർക്കും ഈ വർഷം 100 റിയാൽ വീതമാണ് പ്രതിമാസം ഫീ നൽകേണ്ടത്. അടുത്ത ജൂലൈ മുതൽ ഇത് 200 റിയാലായും 2019 ജൂലൈ മുതൽ 300 റിയാലായും 2020 ജൂലൈ മുതൽ 400 റിയാലായും വർധിക്കും. ആശ്രിതർക്കുള്ള ലെവി വർധിക്കുന്നതിന് അനുസരിച്ച് സ്വകാര്യ മേഖലയിൽ സൗദികൾക്കുള്ള തൊഴിലവസരങ്ങളും സർക്കാർ വരുമാനവും വർധിക്കുമെന്ന് ഡോ. ഫഹദ് ബിൻ ജുംഅ പറഞ്ഞു. പ്രധാന നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിൽ വരെ ആവശ്യത്തിൽ കൂടുതൽ ബഖാലകളും അലക്കുകടകളും മറ്റു സ്ഥാപനങ്ങളുമുണ്ട്. വിദേശ തൊഴിലാളികൾക്കുള്ള ലെവിയും ആശ്രിത ലെവിയും ഈ പ്രവണതക്ക് തടയിടും.
സ്വകാര്യ മേഖലാ ജീവനക്കാരിൽ സൗദികൾ 16.5 ശതമാനം മാത്രമാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൗദി തൊഴിൽ വിപണിക്ക് 40 ലക്ഷം വിദേശികളെ മാത്രമാണ് ആവശ്യമുള്ളത്. എന്നാൽ നിലവിൽ 11.8 ദശലക്ഷം വിദേശ തൊഴിലാളികൾ സൗദിയിലുണ്ട്. ഇവരിൽ നല്ലൊരു ശതമാനവും ദേശീയ സമ്പദ്‌വ്യവസ്ഥക്ക് യാതൊരുവിധ അധിക മൂല്യവും നൽകാത്തവരാണ്. ആശ്രിത ലെവി നടപ്പാക്കുന്നത് സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിനും ആകർഷകമായ വേതനത്തോടെ സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും സഹായിക്കും. ആശ്രിത ലെവി നടപ്പാക്കുന്നതു വഴി വരുമാനത്തിന്റെ ഒരു ഭാഗം സൗദിയിൽ തന്നെ ചെലവഴിക്കുന്നതിന് വിദേശികൾ നിർബന്ധിതരാകും. വിദേശികൾക്കുള്ള ലെവിയും ആശ്രിത ലെവിയും ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നിരക്കുകൾ ഉയരുന്നതിന് കാരണമാക്കുമെന്ന വാദത്തെ ഡോ. ഫഹദ് ബിൻ ജുംഅ തള്ളി. ആവശ്യത്തിനും ലഭ്യതക്കും അനുസരിച്ച് ഉപഭോക്തൃ നിരക്കുകൾ വിപണിയാണ് നിശ്ചയിക്കുന്നത്. ഡിമാന്റ് കുറയുമ്പോൾ നിരക്കുകൾ കുറക്കുന്നതിന് സ്വകാര്യ മേഖല നിർബന്ധിതമാകും. വിദേശികൾക്കു പകരം ആകർഷകമായ വേതനത്തിന് സൗദികളെ ജോലിക്കു വെക്കുന്നതിന് അനുസരിച്ച് സേവനങ്ങൾക്കും ഉൽപന്നങ്ങൾക്കുമുള്ള ആവശ്യം വർധിക്കും. വിദേശികൾ താൽക്കാലിക വിരുന്നുകാർ മാത്രമാണെന്നും അവരെ എക്കാലത്തും ആശ്രയിക്കാൻ പാടില്ലെന്നും ഡോ. ഫഹദ് ബിൻ ജുംഅ പറഞ്ഞു.