റിയാദ്- സൗദി അറേബ്യയിൽ 30 ലക്ഷത്തിലധികം ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്ന് ഔദ്യോഗിക കണക്ക്. ഇതിൽ പുരുഷന്മാരും വനിതകളും ഉൾപ്പെടും.
ഇവരിൽ പകുതിയിലേറെയും ഹൗസ് ഡ്രൈവർമാരാണ്. ആകെ വീട്ടു ജോലിക്കാരിൽ 53.6 ശതമാനവും ഇവരാണ്. തൊട്ടുപിന്നിൽ 44 ശതമാനം എന്ന തോതിൽ വേലക്കാരും ക്ലീനിംഗ് തൊഴിലാളികളുമാണ് കൂടുതലുള്ളത്.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് പ്രകാരം സൗദിയിൽ 16,66,042 ഹൗസ് ഡ്രൈവർമാരാണ് ജോലി ചെയ്യുന്നത്. ഇവരിൽ 494 വനിതകളുമുണ്ടെന്നതാണ് ശ്രദ്ധേയം. വീട്ടുവേലക്കാരിയായും ക്ലീനിംഗ് ജോലിക്കാരായും ഉപജീവനം നടത്തുന്നത് 13,68,820 പേരാണ്. ഇതിൽ 3,64,631 പേർ പുരുഷന്മാരാണ്. വീടുകളിലും ബിൽഡിംഗുകളിലും ഇസ്തിറാഹകളിലും ഹാരിസ് (പരിപാലകൻ) ആയി 30,506 പേർ ജോലി ചെയ്യുന്നു. ഇതിൽ 14 വനിതകളുമുണ്ട്. എല്ലാ പ്രൊഫഷനുകളിലുമായി 31,09,173 വിദേശികൾ ഗാർഹിക തൊഴിലാളികളായി സൗദിയിൽ ജോലി ചെയ്യുന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.