ജിദ്ദ- ഇന്ത്യന്‍ വംശജനായ വ്യവസായി യൂസഫലി വെളിപ്പെടുത്തിയ ബിസിനസ് രഹസ്യമെന്ന പേരില്‍ ബിറ്റ് കോയിനില്‍ നിക്ഷേപിക്കാനായുള്ള വ്യാജ പരസ്യം. ഡിജിറ്റല്‍ കറന്‍സിയില്‍ നിക്ഷേപിക്കാന്‍ ആഹ്വാനം ചെയ്യുന്ന പരസ്യം ഫെയ്‌സ് ബുക്കിലാണ് പ്രത്യക്ഷപ്പെട്ടത്.
അത്യന്തം രഹസ്യ സ്വഭാവമുള്ള കാര്യം വെളിപ്പെടുത്തിയതു കാരണം ലുലു ഗ്രൂപ്പ് ചെയര്‍മാനായ യൂസഫലി നിയമക്കുരുക്കിലാണെങ്കിലും അദ്ദേഹത്തിന്റെ സത്യസന്ധത രാഷ്ട്രം വാഴ്ത്തുകയാണെന്നാണ് വിന്‍ ബിഫോര്‍ എവരിതിംഗ് എന്ന പേരില്‍ ഫേസ് ബുക്കില്‍ സ്‌പോണ്‍സേഡ് പരസ്യം നല്‍കിയ തട്ടിപ്പുകാര്‍ പറയുന്നത്.
സൗദി അറേബ്യയിലെ നൂറുകണക്കിനാളുകളെ സമ്പന്നരാക്കിയ പുതിയ രഹസ്യ നിക്ഷേപ പദ്ധതി വെളിപ്പെടുത്തി യൂസുഫലി രംഗത്തുവന്നുവെന്നും അദ്ദേഹം ഇക്കാര്യം വിശദീകരിച്ച് യു.എ.ഇ ദിനപത്രമായ ഗള്‍ഫ് ന്യൂസിന് അഭിമുഖം നല്‍കിയെന്നുമാണ് പ്രചരിപ്പിക്കുന്നത്.
ബിറ്റ് കോയിന്‍ നിക്ഷപത്തിന് അവസരമൊരുക്കുന്ന ബിറ്റ്‌കോയിന്‍ എവലൂഷന്‍ എന്ന ക്രിപ്‌റ്റോ കറന്‍സി പ്ലാറ്റ് ഫോമിനെ കുറിച്ച് യൂസുഫലി വെളിപ്പെടുത്തിയെന്നാണ് തട്ടിപ്പുകാര്‍ അവകാശപ്പെടുന്നത്.
സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ധാരളം പേര്‍ ക്രിപ്‌റ്റോ കറന്‍സി വഴി സമ്പന്നരായ കഥകള്‍ അദ്ദേഹം വിവരിച്ചുവെന്നും പറയുന്നു.
ലോകത്ത് പല സര്‍ക്കാരുകളും കേന്ദ്ര ബാങ്കുകളും മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ബിറ്റ് കോയിന്‍ എന്ന ക്രിപറ്റോ കറന്‍സിയുടെ പേരില്‍ നിക്ഷേപകരെ കബളിപ്പിക്കുകയാണ് ഈ പരസ്യത്തിനു പിന്നിലുള്ളവരുടെ ലക്ഷ്യം.
നേരത്തെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്യുന്നുവെന്ന പേരിലായിരുന്നു ഫേസ് ബുക്കില്‍ തന്നെ പരസ്യം വന്നത്. പിന്നീട് സൗദി അധികൃതര്‍ തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി.