റിയാദ്- ധൈഷണിക അക്കാദമിക് ഇന്ത്യയുടെ പരിഛേദമായ ജെ.എൻ.യുവിലെ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ വിദ്യാർഥി സഖ്യത്തിന് അഭിവാദ്യമർപ്പിക്കുന്നതായി കേളി കലാ സാംസ്‌കാരിക വേദി സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. ഭരണഘടനക്കും ജനാധിപത്യത്തിനും നേരെയുള്ള വലതുപക്ഷ കടന്നാക്രമണം ചെറുക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്.എഫ്.ഐ - ഡി.എസ്.എഫ് - ഐസ - എ.ഐ.എസ്.എഫ് എന്നീ സംഘടനകളുടെ സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. കടുത്ത വർഗീയതയും തീവ്ര ദേശീയതയും ഉണർത്തി കേന്ദ്രത്തിൽ രണ്ടാമതും ഭരണത്തിൽ എത്തിയതിനു ശേഷം രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്കുള്ള ശക്തമായ താക്കീതാണ് ജെ.എൻ.യു വിദ്യാർഥികളുടെ വിധിയെഴുത്ത്.ജെ.എൻ.യുവിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമായ കോഴ്‌സുകൾ തുടങ്ങുക, അവയിൽ എ.ബി.വി.പിക്കാരെ തിരുകിക്കയറ്റുക, ഇടത് വിദ്യാർഥി സംഘടനകളുടെ പ്രവർത്തകരെ കായികമായി നേരിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുക തുടങ്ങി സംഘപരിവാറിന്റെ ഒത്താശയോടെ വിദ്യാർഥി യൂനിയൻ പിടിച്ചടക്കാനുള്ള എ.ബി.വി.പിയുടെ എല്ലാ കുതന്ത്രങ്ങളെയും മറികടന്നാണ് ഇടതു വിദ്യാർഥി സഖ്യം മിന്നുന്ന വിജയം നേടിയതെന്ന് കേളി സെക്രട്ടറിയേറ്റ് വിലയിരുത്തി.
ഉന്നത വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കുന്ന കേന്ദ്ര നയത്തിനെതിരെ പ്രതിഷേധിച്ച 48 അധ്യാപകർക്ക് സർവകലാശാല കാരണം കാണിക്കൽ നോട്ടീസ് നൽകിയതും റോമില ഥാപ്പർ, ടി.കെ ഉമ്മർ അടക്കം ജെ.എൻ.യുവിലെ 12 എമേറിറ്റ്‌സ് പ്രൊഫസർമാരെ ബയോ ഡാറ്റ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അപമാനിച്ചതും ജമ്മു കശ്മീരിലെ ഭരണഘടനാ വിരുദ്ധമായ നടപടിയും അസമിലെ 19 ലക്ഷം പേർക്ക് പൗരത്വം നിഷേധിച്ചതുമായ നിരവധി ആനുകാലിക വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കിയതാണ് ഇത്ര മികച്ച വിജയം നേടാൻ ഇടത് സഖ്യത്തെ സഹായിച്ചതെന്ന് നേതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി.