കൊച്ചി - കൊച്ചിയിലെ റോഡുകളെല്ലാം സർക്കാർ കുഴിയാക്കിയിട്ടിരിക്കുന്നത് മെട്രോക്ക് ലാഭമുണ്ടാക്കാനാണോ എന്ന് തോന്നും ഓണദിനങ്ങളിലെ മെട്രോ തിരക്ക് കണ്ടാൽ. റോഡിലെ ഓണത്തിരക്ക് ഒഴിവാക്കി യാത്രക്കാർ മെട്രോ തെരഞ്ഞെടുത്തതോടെ ട്രെയിനുകൾ നിറഞ്ഞു കവിഞ്ഞു. സാധാരണ ഇത്തരം ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ അനുഭവപ്പെട്ടിരുന്ന ആൾക്കൂട്ടമാണ് ഓരോ മെട്രോ സ്‌റ്റേഷനിലും കണ്ടത്. ഉത്രാട ദിനത്തിൽ വൈകിട്ട് ഏഴിന് 72,554 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്.
ശനിയാഴ്ച രാത്രി 11 വരെ 95,285 പേരും ഞായറാഴ്ച രാത്രി 10 വരെ 87,957 പേരും മെട്രോയിൽ യാത്ര ചെയ്തു. ഓരോ മണിക്കൂറിലും ശരാശരി 8,000 പേർ മെട്രോയിൽ യാത്ര ചെയ്യുന്നു. ആലുവ ഭാഗത്തേക്കും തൈക്കൂടം ഭാഗത്തേക്കും ഒരേപോലെ തിരക്കുണ്ട്. തൈക്കൂടത്തേക്ക് പുതിയ ലൈനിൽ 14 മിനിറ്റ് ഇടവിട്ടാണു ട്രെയിനെങ്കിലും ആലുവ റൂട്ടിൽ ഇത് ഏഴ് മിനിറ്റ് ഇടവേളയിലാണ്. എന്നിട്ടും തിരക്കിനു കുറവില്ല. മെട്രോ തൈക്കൂടം ലൈൻ ഉദ്ഘാടനം ചെയ്ത മൂന്നിന് ആകെ യാത്രക്കാർ 39,936 മാത്രമായിരുന്നു. തൈക്കൂടത്തേക്കു സർവീസ് തുടങ്ങിയ ദിവസം 65,285 ആയി. ഏഴിന് എല്ലാ പ്രതീക്ഷകളും തെറ്റിച്ചു 95,285 പേർ മെട്രോ യാത്രക്കെത്തി.
കൊച്ചിയിൽ മെട്രോ സർവീസ് ആരംഭിച്ചതിന്റെ ഒന്നാം വാർഷികത്തിന് എല്ലാവർക്കും സൗജന്യ യാത്ര നൽകിയ 2018 ജൂൺ 20 നാണ് ഏറ്റവും കൂടുതൽ ആളുകൾ മെട്രോയിൽ കയറിയത് 1,31,392 പേർ. ടിക്കറ്റെടുത്ത് ഏറ്റവും അധികം ആളുകൾ കയറിയതു മെട്രോ ഉദ്ഘാടനം ചെയ്ത ശേഷമുള്ള ഞായറാഴ്ച- 98,713 പേർ. തിരുവോണത്തിനു മുൻപ് ആ റെക്കോർഡ് മറികടക്കുമെന്ന പ്രതീക്ഷയിലാണു കെ.എം.ആർ.എൽ. മെട്രോ സ്റ്റേഷനുകളിൽനിന്ന് ഓട്ടോറിക്ഷാ സർവീസ് കൂടി ആരംഭിക്കുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം ലക്ഷം കവിയുമെന്നാണ് കരുതുന്നത്. കൊച്ചി വൺ കാർഡിനും കൂടുതൽ ആവശ്യക്കാരെത്തുന്നുണ്ട്. ഈ മാസം 18 വരെയാണു കെ.എം.ആർ.എൽ ടിക്കറ്റ് നിരക്കിൽ പകുതി ഇളവു പ്രഖ്യാപിച്ചിരിക്കുന്നത്. 25 വരെ പാർക്കിംഗ് സൗജന്യമാണ്. ഇളവുകൾ അവസാനിച്ചാലും സുഗമമായ യാത്ര ഉറപ്പുനൽകുന്ന മെട്രോയെ യാത്രക്കാർ കൈവിടില്ലെന്നാണ് അധികൃതരുടെ പ്രതീക്ഷ.