Sorry, you need to enable JavaScript to visit this website.

സെറ്റ് സാരിയിൽ പൂക്കളം കണ്ടും പ്രഥമൻ രുചിച്ചും  രേഷ്മ ആരിഫിന്റെ ആദ്യ ഓണം

ടൂറിസം വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരം രേഷ്മ ആരിഫ് ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം- അത്തപ്പൂക്കളമൊരുക്കുന്നത് കണ്ടും അടപ്രഥമൻ രുചിച്ചും ഓണാഘോഷത്തിൽ പങ്കെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഭാര്യ രേഷ്മ ആരിഫ്. ഓണം വാരാഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് സെന്റ് ജോസഫ്‌സ് സ്‌കൂളിൽ സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അവർ. മത്സരാർഥികൾ പൂക്കൾ ഒരുക്കുന്നതും പൂക്കളമിടുന്നതും കൗതുകത്തോടെ നോക്കിക്കാണുകയും കുശലം ചോദിക്കുകയും ചെയ്തു. ഗവർണറുടെ ഭാര്യയുടെ ആദ്യത്തെ പൊതുചടങ്ങായിരുന്നു ഇത്.
രേഷ്മ ആരിഫും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖയും ചേർന്നാണ് മത്സരം ഉദ്ഘാടനം ചെയ്തത്. മലയാളത്തനിമയിൽ സെറ്റ് സാരിയണിഞ്ഞ് എത്തിയ വിശിഷ്ടാതിഥികളെ ചെണ്ടമേളത്തോടെയാണ് വരവേറ്റ് വേദിയിലേക്ക് ആനയിച്ചത്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൂക്കള മത്സരത്തിൽ മുപ്പതോളം ടീമുകൾ പങ്കെടുത്തു. സാമ്പത്തിക പ്രതിസന്ധിയും പ്രളയ ദുരിതങ്ങളുമൊക്കെ ഉണ്ടായിട്ടും ഓണമേളകളിലെല്ലാം ജനങ്ങളുടെ തള്ളിക്കയറ്റമായിരുന്നു. കുടുംബമടക്കമാണ് ഷോപ്പിംഗിനായി നഗരത്തിലെത്തിയത്. മാർക്കറ്റുകളിലും നല്ല തിരക്കായിരുന്നു. 
നഗരവൽക്കരണത്തിന്റെ ഭാഗമായി കുടുംബങ്ങളുടെ ഓണാഘോഷത്തിൽ പലവിധ മാറ്റങ്ങൾ വന്നതായും പഴമക്കാർ പറയുന്നു. സദ്യ വീട്ടിലുണ്ടാക്കി കഴിക്കുന്നതിൽനിന്ന് മലയാളികളിൽ നല്ലൊരു വിഭാഗം വേറിട്ട് ചിന്തിക്കുകയാണ്. സദ്യ കഴിക്കാൻ പലരും ഇത്തവണ നക്ഷത്ര ഹോട്ടലുകൾ തെരഞ്ഞെടുത്തു. ഇവരെ ആകർഷിക്കാൻ പലവിധ ഓഫറുകളുമായി ഹോട്ടലുകളും രംഗത്തുണ്ടായിരുന്നു.  250 രൂപ മുതലായിരുന്നു ഹോട്ടൽ സദ്യകളുടെ നിരക്ക്.
വിഭവങ്ങളുടെ എണ്ണം തന്നെയാണ് കൂടുതൽ പേരെയും ആകർഷിച്ചത്. കൂടെ പ്രഥമനുകളും. ഹോട്ടലുകളിൽനിന്ന് പാഴ്‌സലായി ഓണസദ്യ വാങ്ങിക്കൊണ്ടുപോകാനുള്ള സൗകര്യവും പലരും ഒരുക്കിയിരുന്നു. 
ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖല ഇത്തവണ സജീവമായി രംഗത്തുണ്ടായിരുന്നു. പ്രമുഖ ഓൺലൈൻ ഭക്ഷണവിതരണക്കാരെല്ലാംതന്നെ ഹോട്ടലുകളുമായി ഓണസദ്യയുടെ കാര്യത്തിൽ ഡീലിൽ ഏർപ്പെട്ടു. ഇലയടക്കമുള്ള സദ്യയാണ് ഓണനാളിൽ ഇവർ വീടുകളിൽ എത്തിച്ചത്. 

 

 

Latest News