തിരുവനന്തപുരം- ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അതീവ ജാഗ്രത തുടരുന്നതിനിടെ, പാക്കിസ്ഥാന്‍ ജീവനക്കാരുമായി വിദേശ ചരക്കുകപ്പല്‍ വിഴിഞ്ഞം കടല്‍ വഴി പോയി. കപ്പല്‍ കേരള അതിര്‍ത്തി പിന്നിട്ടുവെങ്കിലും വ്യോമസേനയുള്‍പ്പെടെ വിവിധ സൈനിക വിഭാഗങ്ങള്‍ കപ്പലിനെ അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
പാനമ റജിസ്‌ട്രേഷനുള്ള അരിയാന എന്ന ചരക്കു കപ്പലാണ് വിഴിഞ്ഞം വഴി കടന്നു പോയത്. തീരത്തു നിന്നു ഏകദേശം 60 കിലോ മീറ്റര്‍ അകലെയായിരുന്നു കപ്പല്‍. വിഴിഞ്ഞത്തെ കോസ്റ്റ് ഗാര്‍ഡ് ചെറുകപ്പലുകള്‍ പിന്തുടര്‍ന്നിരുന്നു.
21 ജീവനക്കാരുള്ള കപ്പലില്‍ 20 പേരും പാക്കിസ്ഥാനികളാണെന്നു കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു. ഒരാള്‍ എത്യോപ്യന്‍ സ്വദേശിയാണ്. അരിയാന കെമിക്കല്‍ ടാങ്കര്‍ കറാച്ചി തുറമുഖത്തുനിന്നാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു കടന്നത്. ഭൂരിഭാഗവും പാക്കിസ്ഥാന്‍ സ്വദേശികളായതാണ് തീരസംരക്ഷണ സേനയുടെ സംശയത്തിനു കാരണം.
ഗുജറാത്ത് തീരത്ത് സിര്‍ ക്രീക്ക് അതിര്‍ത്തി മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാക്കിസ്ഥാന്‍ ബോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് കരസേന മുന്നറിയിപ്പ് നല്‍കിയിരുന്നു.