റിയാദ് - ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് എളുപ്പമാക്കുന്നതിനും വ്യവസ്ഥാപിതമാക്കുന്നതിനും ഉയർന്ന ഗുണമേന്മയുള്ള സേവനം സൗദി പൗരന്മാർക്കും വിദേശികൾക്കും ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ട് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുതുതായി ആരംഭിച്ച 'മഅ്‌റൂഫ' സേവനത്തിനെതിരെ എതിർപ്പുമായി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ രംഗത്ത്. 'മഅ്‌റൂഫ' സേവനം വഴി ഫിലിപ്പൈൻസിൽ നിന്നു മാത്രമാണ് വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് നിലവിൽ സൗകര്യമുള്ളത്. ഈ സേവനം പ്രയോജനപ്പെടുത്തുന്നവർക്ക് 45 ദിവസത്തിനകം വേലക്കാരികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകിയിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഫിലിപ്പൈൻസിൽ റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കുന്നതിനുള്ള ചില സങ്കീർണതകൾ മൂലം 45 ദിവസത്തിനകം വേലക്കാരികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുക സാധ്യമല്ലെന്ന് റിക്രൂട്ട്‌മെന്റ് ഓഫീസ് വൃത്തങ്ങൾ പറഞ്ഞു.
ഇത്തരം ഇടപാടുകൾ മൂലം ഉടലെടുത്തേക്കാവുന്ന പ്രശ്‌നങ്ങൾ കണക്കിലെടുത്തും കുറഞ്ഞ ലാഭവും കാരണം 'മഅ്‌റൂഫ' സേവനം പ്രയോജനപ്പെടുത്തുന്നതിന് ഭൂരിഭാഗം റിക്രൂട്ട്‌മെന്റ് ഓഫീസുകളും ആഗ്രഹിക്കുന്നില്ല. പത്തു ശതമാനത്തിൽ കവിയാത്ത ലാഭമാണ് പുതിയ സേവനം വഴി വേലക്കാരികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്നതിന് സൗദിയിലെ റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്ക് ലഭിക്കുക. റിക്രൂട്ട്‌മെന്റ് നടപടികളെല്ലാം പൂർത്തിയായി കഴിഞ്ഞ ശേഷം വേലക്കാരികൾ യാത്രക്ക് വിസമ്മതിക്കുന്നത് പ്രധാന പ്രശ്‌നമാണ്.
ഇരുപതു മുതൽ മുപ്പതു വരെ ശതമാനം വേലക്കാരികൾ ഇങ്ങനെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായ ശേഷം യാത്രക്ക് വിസമ്മതിക്കുന്നവരാണ്. ഇത് സ്‌പോൺസർമാരും റിക്രൂട്ട്‌മെന്റ് ഓഫീസുകളും തമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുന്നതിന് ഇടയാക്കും. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിശ്ചയിച്ച നിരക്ക് പാലിക്കുന്നതിന് 'മഅ്‌റൂഫ' സേവനം റിക്രൂട്ട്‌മെന്റ് ഓഫീസുകളെ നിർബന്ധിക്കുന്നു. റിക്രൂട്ട് ചെയ്യുന്ന വേലക്കാരികൾ ജോലിക്ക് വിസമ്മതിക്കുകയോ മറ്റെന്തെങ്കിലും കാരണങ്ങളാൽ യോഗ്യരല്ലെന്ന് ബോധ്യപ്പെടുകയോ ചെയ്താൽ അവർക്കു പകരം ബദൽ വേലക്കാരികളെ റിക്രൂട്ട് ചെയ്ത് നൽകൽ ഉറപ്പു വരുത്തുന്ന ഗാരണ്ടി 'മഅ്‌റൂഫ' സേവനം പ്രയോജനപ്പെടുത്തുന്നവർക്ക് ലഭിക്കില്ല. വേലക്കാരികൾ രോഗ വിമുക്തരാണെന്ന് ഉറപ്പു വരുത്തുന്ന മെഡിക്കൽ ഫിലിപ്പൈൻസിൽ വെച്ച് നടത്തുന്നതിന്റെ ചുമതല റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കാണ്. ഇക്കാര്യത്തിലുള്ള വീഴ്ചകളുടെ ഉത്തരവാദിത്തം റിക്രൂട്ട്‌മെന്റ് ഓഫീസുകൾ വഹിക്കും. വേലക്കാരികളെ റിക്രൂട്ട് ചെയ്ത് എത്തിച്ച് നൽകുന്ന 'മഅ്‌റൂഫ' സേവനം വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്തതിനാൽ സാദാ സേവനമാക്കി മാറ്റുന്നത് റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടൽ വഴിയാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ഫിലിപ്പൈൻസിൽ നിന്ന് 8850 റിയാൽ സ്ഥിരനിരക്കിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പുതിയ സേവനം ഉപയോക്താക്കളെ സഹായിക്കുന്നു. പതിവ് റിക്രൂട്ട്‌മെന്റ് നിരക്കിന്റെ പകുതിയിലും കുറവാണിത്. 'മഅ്‌റൂഫ' സേവനം വഴി 45 ദിവസത്തിനകം റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കി വേലക്കാരികളെ സൗദിയിൽ എത്തിക്കുന്നതിനും സാധിക്കും. ഇതിന് വേലക്കാരിയുടെ പേര് സൗദി പൗരന്മാർ പ്രത്യേകം തെരഞ്ഞെടുക്കണമെന്ന് വ്യവസ്ഥയുണ്ട്. ഫിലിപ്പൈൻസിൽ നിന്ന് വേലക്കാരിയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിസ നേടിയും വേലക്കാരിയുടെ പേര്, പാസ്‌പോർട്ട് നമ്പർ, ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പർ എന്നിവ അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയും പുതിയ സേവനം പ്രയോജനപ്പെടുത്തുന്നതിന് സാധിക്കും. റിക്രൂട്ട്‌മെന്റ് അപേക്ഷകൾ സ്വീകരിക്കുന്നതിനും നടപടികൾ പൂർത്തിയാക്കുന്നതിനും ഏറ്റവും മികച്ച റിക്രൂട്ട്‌മെന്റ് ഓഫീസുകളുമായി പുതിയ സേവനത്തെ ബന്ധിപ്പിച്ചിട്ടുണ്ട്. സൗദി പൗരന്മാർ താമസിക്കുന്ന നഗരങ്ങൾക്കനുസരിച്ച് സേവനം നൽകുന്ന റിക്രൂട്ട്‌മെന്റ് ഓഫീസിനെ 'മഅ്‌റൂഫ' സേവന സിസ്റ്റം ഓട്ടോമാറ്റിക് ആയി തെരഞ്ഞെടുക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.