Sorry, you need to enable JavaScript to visit this website.

മരട് ഫ്‌ളാറ്റ്: പുനഃപരിശോധനാ ഹരജി നല്‍കാന്‍ നഗരസഭയില്‍ പ്രമേയം

കൊച്ചി- സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മരടിലെ അഞ്ചു ഫ്ളാറ്റുകള്‍ പൊളിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ പുനഃപരിശോധന ഹരജി നല്‍കണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ കൗണ്‍സില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ പ്രമേയം അവതരിപ്പിച്ചു. പൊളിച്ചു മാറ്റണമെന്ന സുപ്രീം കോടതിയുടെ വിധി നഗരസഭ പരിധിയിലെ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് മാനസികമായി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ഒരായുസ്സിന്റെ അധ്വാനം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ആവശ്യമായ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തുടര്‍ന്ന് കൗണ്‍സില്‍ ഇതില്‍ വിശദമായി ചര്‍ച്ച നടത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിലേക്ക് അയക്കാന്‍ തീരുമാനിച്ചതായി മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ടി.എച്ച് നദീറ പറഞ്ഞു. ഒപ്പം വിഷയത്തില്‍ മരട് നഗരസഭ നിവാസികളുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായും മരട് നഗരസഭ ചെയര്‍പേഴ്സണ്‍ അറിയിച്ചു. അതേ സമയം സുപ്രീം കോടതി വിധി നടപ്പിലാക്കാനുളള നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് മരട് നഗരസഭ സെക്രട്ടറി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ചീഫ് സെക്രട്ടറി തനിക്ക് നല്‍കിയിരിക്കുന്ന കത്തില്‍ മൂന്നു നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഫ്ളാറ്റിലെ അന്തേവാസികളെ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കുക, ജില്ല ഭരണകൂടവുമായി ചേര്‍ന്ന് ഇവരെ പുനരധിവസിപ്പിക്കാനുളള നടപടി സ്വീകരിക്കുക, പൊളിക്കുന്നതിനായി കമ്പനികളില്‍നിന്നു ടെണ്ടര്‍ വിളിക്കുക എന്നിവയാണ്. ഇതില്‍ ടെണ്ടര്‍ ക്ഷണിച്ചു കഴിഞ്ഞു. ഫ്ളാറ്റ് ഒഴിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും മരട് നഗരസഭ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിനായി ബന്ധപ്പെട്ട് ഏജന്‍സികളില്‍നിന്നു മരട് നഗരസഭ ടെണ്ടര്‍ വിളിച്ചിട്ടുണ്ട്.

 

Latest News