കൊച്ചി- മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു. സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ ആവശ്യപ്പെട്ട ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് പരിചയ സമ്പന്നരായ കമ്പനികളില്‍ നിന്ന് നഗരസഭ താല്‍പര്യ പത്രം ക്ഷണിച്ചു.
ഈ മാസം 20-നകം ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാല്‍ ഫ്ളാറ്റുകളില്‍ നിന്ന് ഇറങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഉടമകള്‍.
കോടതി വിധി നടപ്പാക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്ച ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച ചീഫ് സെക്രട്ടറി ജില്ലാ കലക്ടറുമായും നഗരസഭാ അധികൃതരുമായും ചര്‍ച്ച നടത്തിയിരുന്നു.
പതിനഞ്ച് നിലക്ക് മുകളിലുള്ള നാല് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് താല്‍പര്യം ക്ഷണിച്ച് കൊണ്ട് മരട് നഗരസഭ പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ട്. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന കമ്പനികള്‍ക്കാണ് മുന്‍ഗണന.
16-നു മുമ്പായി താല്‍പര്യപത്രം ലഭിക്കണം. ഇന്ന് നഗരസഭയുടെ അടിയന്തര യോഗം ചേരുന്നുണ്ട്. ഫ്ളാറ്റുകളിലുള്ളവര്‍ക്ക് പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു.