കൊച്ചി- രണ്ടാം ഘട്ട ഉദ്ഘാടനത്തിനുള്ള തയാറെപ്പുകൾക്ക് തുടക്കം കുറിച്ച് കൊച്ചി മെട്രൊ മഹാരാജാസ് ഗ്രൗണ്ട് വരെ ട്രയൽ റൺ നടത്തി. ഇന്നലെ രാവിലെ 10.50 നു പാലാരിവട്ടം സ്റ്റേഷനിൽ നിന്നും ആരംഭിച്ച ആദ്യ ട്രയൽ റണ്ണിനു വേഗം 10 കിലോമീറ്ററായിരുന്നു. രണ്ടാം ട്രയൽ മുതൽ വേഗത 10 കിലോമീറ്റർ വീതം വർധിപ്പിച്ച് 80 ൽ എത്തി. കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്, കെഎംആർഎൽ പ്രോജക്റ്റ് ഡയറക്റ്റർ തിരുമൻ അർജുനൻ, ഡിഎംആർസി പ്രോജക്റ്റ് ഡയറക്റ്റർ ഡാനി തോമസ് എന്നിവർ ട്രെയിനിൽ സഞ്ചരിച്ചു.
കൊച്ചി മെട്രോയുടെ ആദ്യ ഘട്ട ഉദ്ഘാടനത്തിൻെറ ഭാഗമായി ആലുവ മുതൽ മഹാരാജാസ് വരെയാണ് പരിഗണിച്ചിരുന്നതെങ്കിലും നിർമാണം പൂർത്തിയാക്കാനാവാത്തിനെ തുടർന്ന് ഉദ്ഘാടനം ആലുവ- പാലാരിവട്ടം റൂട്ടിൽ നിജപ്പെടുത്തുകയായിരുന്നു. ഓണത്തിനു ശേഷം മഹാരാജാസ് വരെ സർവീസ് ആരംഭിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് കെഎംആർഎൽ.
ആദ്യ പടിയെന്ന നിലയിൽ ഇന്നലെ ഒരു ട്രെയിനാണ് പരീക്ഷണ ഓട്ടം നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ ട്രെയിനുകൾ പരീക്ഷണ ഓട്ടം നടത്തും. നാല് മെട്രോ സ്റ്റേഷനുകളാണ് പാലാരിവട്ടത്തിനും മഹാരാജാസിനും ഇടയിലുള്ളത്. പാലാരിവട്ടത്തു നിന്നു യാത്ര ആരംഭിച്ച് അഞ്ചു കിലോ മീറ്ററിനിടെ സ്റ്റേഡിയം, കലൂർ ലിസി, ജംഗ്ഷൻ, എം.ജി റോഡ്, എന്നീ സ്റ്റേഷനുകളാണുള്ളത്. ഇന്നലെ രാത്രി എട്ട് വരെ പരീക്ഷണ ഓട്ടം തുടർന്നു. ഓണത്തിനു ശേഷം മഹാരാജാസ് വരെ മെട്രോ സർവീസ് തുടങ്ങുമെന്ന് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റേഷനുകളുടെ പണികൾ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയാകുന്ന മുറയ്ക്കായിരിക്കും സർവീസ് ദീർഘിപ്പിക്കുക.