നെടുമ്പാശ്ശേരി- ഏജന്‍സി പറഞ്ഞ വിമാനം ഇല്ലാത്തതിനെ തുടര്‍ന്ന് ഇരുനൂറോളം ഉംറ തീര്‍ഥാടകര്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി.
പെരുമ്പാവൂരിലെ സ്വകാര്യ ഏജന്‍സി വഴി ഉംറക്ക് പോകാനെത്തിയവരാണ് ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തില്‍ കുടുങ്ങിയത്. രണ്ട് ദിവസത്തിനകം തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ഏജന്‍സി ഉറപ്പ് നല്‍കിയതിനുശേഷമാണ് തീര്‍ഥാടകര്‍ മടങ്ങിയത്.
രാത്രി ഇവര്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ ഏജന്‍സി പറഞ്ഞിരുന്ന വിമാന സര്‍വീസുണ്ടായിരുന്നില്ല. ടിക്കറ്റുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്‌നമാണെന്നും ബംഗളൂരുവിലേക്ക് ബസ് മാര്‍ഗം കൊണ്ടുപോയി അവിടെ നിന്ന് സൗദിയിലെത്തിക്കാമെന്നും ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. തീര്‍ഥാടകരില്‍ ചിലര്‍ ഇതിന് വഴങ്ങിയില്ല. ഇവര്‍ എജന്‍സിയുമായി ബന്ധപ്പെട്ടവരെ രാത്രി വൈകിയും വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.