ആലപ്പുഴ- സർക്കാർ പ്രഖ്യാപിച്ച കേരള പുനർ നിർമാണ പദ്ധതി ഉടൻ നടപ്പാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയ ജനറൽ സെക്രട്ടറി ടി.ആരിഫലി ആവശ്യപ്പെട്ടു. പ്രളയാനന്തര പുനരധിവാസ പദ്ധതി പ്രകാരം പീപ്പിൾസ് ഫൗണ്ടേഷൻ നിർമിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി കൂടുതൽ സുതാര്യമാക്കാനുള്ള ശ്രമം ഉണ്ടാകണം. ഉദ്യോഗസ്ഥ തലങ്ങളിൽ മാത്രം കൈകാര്യം ചെയ്തുകൊണ്ട് പലയിടത്തും പോരായ്മയുണ്ട്. അത് പരിഹരിക്കാൻ ജനപ്രതിനിധികളേയും സന്നദ്ധ സംഘടനകളേയും ഉൾപ്പെടുത്തി പദ്ധതി പൂർത്തീകരിക്കാൻ സർക്കാർ തയാറാകണം.
കഴിഞ്ഞ പ്രളയ കാലത്ത് സ്വദേശത്തു നിന്നും വിദേശത്തു നിന്നും കോടികളാണ് സർക്കാരിന് ലഭിച്ചത്.
സർക്കാരിന്റെ വിശ്വാസ്യതയാണ് അത് ലഭിക്കാൻ കാരണം. കേരളത്തിൽ ദുരന്തങ്ങൾ നിത്യ സംഭവമാകുമെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥരും ഭരണ വർഗവും മനുഷ്യരും ചേർന്ന് പ്രകൃതിയെ സംരക്ഷിക്കാനുള്ള നിയമങ്ങൾ ലംഘിച്ചു. ഇത് ദുരന്തങ്ങൾ വിളിച്ചുവരുത്തി. പ്രകൃതി വിഭവങ്ങൾ വരും തലമുറക്കുകൂടി അവകാശപ്പെട്ടതാണ്. അതിന്റെ ഓർമപ്പെടുത്തലുകൾ കൂടിയായിരുന്നു ദുരന്തങ്ങളെന്ന് മനസ്സിലാക്കി ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ ദുരന്ത മുഖത്ത് രക്ഷാപ്രവർത്തനം നടത്തിയ ഐ.ആർ.ഡബ്ല്യു പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
കഴിഞ്ഞ പ്രളയത്തിൽ നഷ്ടപരിഹാരം തിട്ടപ്പെടുത്തിയതിൽ അപാകതയുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. താലൂക്കിലും കലക്ടറേറ്റിലും കെട്ടിക്കിടക്കുന്ന അപ്പീലുകൾക്ക് പരിഹാരം കാണാനായിട്ടില്ല. അത് തീർപ്പു കൽപിക്കാൻ സർക്കാർ സംവിധാനം ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തിൽ പ്രയാസങ്ങൾ നേരിടുന്നവർക്ക് ആശ്വാസമേകുന്നതിൽ ജമാഅത്തെ ഇസ്‌ലാമി എന്നും മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. വിഷൻ-2026 വൈസ് ചെയർമാൻ മമ്മുണ്ണി മൗലവി, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, മസ്ജിദുൽ ഇജാബ മഹല്ല് പ്രസിഡന്റ് ഇബ്രാഹിംകുട്ടി വിളക്കേഴം, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് കെ.കെ. സഫിയ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഹുസൈബ്, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് സിത്താര ജബ്ബാർ എന്നിവർ സംബന്ധിച്ചു.