Sorry, you need to enable JavaScript to visit this website.

സൗദിയിൽനിന്ന് 12 ലക്ഷം ഇന്ത്യക്കാർ  മടങ്ങുമെന്ന വ്യാജ വർത്ത പരിഭ്രാന്തി പരത്തി 

കോഴിക്കോട്- സൗദിയിലെ തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ കേരളത്തിലും ആശങ്ക പരത്തുന്നു. 
സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 45 വയസ് പിന്നിട്ട വിദേശികളെ പിരിച്ചുവിടുന്നുവെന്ന വാർത്ത ഇന്ന് ഒരു ദിനപത്രം ഒന്നാം പേജിൽ മുഖ്യവാർത്തയായാണ് പ്രസിദ്ധീകരിച്ചത്. ഇതിന്റെ കട്ടിംഗ് സമൂഹ മാധ്യമങ്ങളിലും വ്യാപിച്ചു.
12 ലക്ഷം ഇന്ത്യക്കാർ പുറത്തായേക്കുമെന്നാണ് വ്യാജ വാർത്തയെ അടിസ്ഥാനമാക്കി തയാറാക്കിയ വിശകലനത്തിൽ പറയുന്നത്. 12 ലക്ഷം ഇന്ത്യക്കാർ പുറത്താക്കപ്പെടുമ്പോൾ അവരിൽ ഏഴ് ലക്ഷത്തോളം മലയാളികളായിരിക്കുമെന്നും വാർത്ത പറയുന്നു. 
45 വയസ് പിന്നിട്ട വിദേശികളെ പിരിച്ചുവിടാൻ
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കമുണ്ടെന്നും ഇതേ കുറിച്ച കരടു പദ്ധതി അംഗീകാരത്തിനായി ഉന്നതാധികൃതർക്ക് മന്ത്രാലയം സമർപ്പിച്ചിട്ടുണ്ടെന്നും ദിവസങ്ങൾക്കു മുമ്പ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പ്രാദേശിക തൊഴിൽ വിപണിക്ക് ആവശ്യമായ വിദഗ്ധ തൊഴിലാളികൾക്ക് പ്രായവ്യവസ്ഥയിൽ ഇളവ് നൽകുമെന്നും കിംവദന്തി പറഞ്ഞു. 
ഇത്തരത്തിൽ നീക്കമുള്ളതായി ഔദ്യോഗിക വകുപ്പുകളൊന്നും ഇതുവരെ ഒരുവിധ സൂചനയും നൽകിയിട്ടില്ല. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വാർത്തയുടെ ഉറവിടം കിംവദന്തികൾക്കു മാത്രമായി സ്ഥാപിച്ച അറബി വെബ്‌സൈറ്റ് ആണെന്ന് വ്യക്തമായിട്ടുണ്ട്. സാമാന്യ യുക്തിക്ക് നിരക്കാത്ത അഭ്യൂഹങ്ങളാണ് സൗദി തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട് ചിലർ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ആശ്രിത ലെവിയെ കുറിച്ചും ഇതുപോലെ നിരവധി അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചിരുന്നു. 
വിദേശികളുടെ ആശ്രിത വിസയിലുള്ള മുഴുവൻ പേർക്കും ലെവി ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടും പതിനെട്ടു വയസിൽ താഴെ പ്രായമുള്ളവരെ ലെവിയിൽ നിന്ന് ഒഴിവാക്കുമെന്ന നിലയിൽ പലതവണ വ്യാജവാർത്തകൾ പ്രചരിച്ചു.
 

Read More: 45 കഴിഞ്ഞാൽ പിരിച്ചുവിടണം; സൗദി പ്രവാസികളുടെ ഉറക്കം കെടുത്താൻ വീണ്ടും വ്യാജ വാർത്ത 

Latest News