റിയാദ് - ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് എളുപ്പമാക്കുന്നതിനും വ്യവസ്ഥാപിതമാക്കുന്നതിനും ഉയർന്ന ഗുണമേന്മയുള്ള സേവനം സൗദി പൗരന്മാർക്കും വിദേശികൾക്കും ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ട് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുതിയ സേവനം ആരംഭിച്ചു. 'മഅ്‌റൂഫ' എന്നാണ് പുതിയ സേവനത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടൽ വഴിയാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
ഫിലിപ്പൈൻസിൽ നിന്ന് 8850 റിയാൽ സ്ഥിരനിരക്കിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പുതിയ സേവനം ഉപയോക്താക്കളെ സഹായിക്കുന്നു. പതിവ് റിക്രൂട്ട്‌മെന്റ് നിരക്കിന്റെ പകുതിയിലും കുറവാണിത്. മൂല്യവർധിത നികുതി ഉൾപ്പെടാതെയാണ് ഫിലിപ്പൈൻസിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് 8850 റിയാൽ നൽകേണ്ടത്. 'മഅ്‌റൂഫ' സേവനം വഴി 45 ദിവസത്തിനകം റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കി വേലക്കാരികളെ സൗദിയിൽ എത്തിക്കുന്നതിനു സാധിക്കും. ഇതിന് വേലക്കാരിയുടെ പേര് സൗദി പൗരന്മാർ പ്രത്യേകം തെരഞ്ഞെടുക്കണമെന്ന് വ്യവസ്ഥയുണ്ട്.
ഫിലിപ്പൈൻസിൽ നിന്ന് വേലക്കാരിയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിസ നേടിയും വേലക്കാരിയുടെ പേര്, പാസ്‌പോർട്ട് നമ്പർ, ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പർ എന്നിവ അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയും പുതിയ സേവനം പ്രയോജനപ്പെടുത്തുന്നതിന് സാധിക്കും. റിക്രൂട്ട്‌മെന്റ് അപേക്ഷകൾ സ്വീകരിക്കുന്നതിനും നടപടികൾ പൂർത്തിയാക്കുന്നതിനും ഏറ്റവും മികച്ച റിക്രൂട്ട്‌മെന്റ് ഓഫീസുകളുമായി പുതിയ സേവനത്തെ ബന്ധിപ്പിച്ചിട്ടുണ്ട്.
സൗദി പൗരന്മാർ താമസിക്കുന്ന നഗരങ്ങൾക്കനുസരിച്ച് സേവനം നൽകുന്ന റിക്രൂട്ട്‌മെന്റ് ഓഫീസിനെ 'മഅ്‌റൂഫ' സേവന സിസ്റ്റം ഓട്ടോമാറ്റിക് ആയി തെരഞ്ഞെടുക്കും.
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുസാനിദ് പോർട്ടലിൽ മാത്രമായി 'മഅ്‌റൂഫ' സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ആയിരത്തിലേറെ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെയും കമ്പനികളുടെയും പേരുവിവരങ്ങൾ പരിശോധിക്കുന്നതിനും ഈ സ്ഥാപനങ്ങൾ ഈടാക്കുന്ന നിരക്കുകൾ തമ്മിൽ താരതമ്യം ചെയ്തു നോക്കുന്നിതിനും മുസാനിദ് പോർട്ടൽ ഉപയോക്താക്കൾക്ക് അവസരമൊരുക്കും.