Sorry, you need to enable JavaScript to visit this website.

ഊർജ മന്ത്രിയായി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ ചുമതലയേറ്റു

പുതിയ ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ  രാജാവിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്യുന്നു. 

റിയാദ് - പുതുതായി നിയമിതനായ ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇസ്‌ലാമിനോടും രാജാവിനോടും രാജ്യത്തോടും കൂറു കാണിക്കുമെന്നും രാഷ്ട്രത്തിന്റെ രഹസ്യങ്ങളൊന്നും പരസ്യപ്പെടുത്തില്ലെന്നും രാജ്യതാൽപര്യങ്ങളും നിയമങ്ങളും സംരക്ഷിക്കുമെന്നും സത്യസന്ധമായും വിശ്വസ്തതയോടെയും ആത്മാർഥതയോടെയും നീതിപൂർവകമായും കൃത്യനിർവഹണം നടത്തുമെന്നും അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യുന്നു -എന്ന വാചകം ചൊല്ലിയാണ് അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ സത്യപ്രതിജ്ഞ ചെയ്തത്. ഇതിനു ശേഷം രാജാവിന് അഭിവാദ്യം അർപ്പിച്ച ഊർജ മന്ത്രി സൽമാൻ രാജാവ് നൽകിയ നിർദേശങ്ങൾ ശ്രവിക്കുകയും ചെയ്തു. 
അൽസലാം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രിയും മന്ത്രിസഭാംഗവുമായ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, റോയൽ കോർട്ട് പ്രസിഡന്റ് ഫഹദ് അൽഈസ എന്നിവർ സന്നിഹിതരായിരുന്നു. 
ആഗോള എണ്ണ വിപണിയുടെ ഭദ്രതക്കും സന്തുലനത്തിനും പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിനും ഒപെക്കിനു പുറത്തുമുള്ള ഉൽപാദക രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് ഊർജ മന്ത്രിയായി നിയമിതനായ ശേഷം അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 
സാധ്യമായത്ര വേഗത്തിൽ സൗദി അറാംകോയുടെ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽപന നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. വൈദ്യുതി ഉൽപാദനത്തിന് യുറേനിയം ഉൽപാദിപ്പിക്കുകയും സമ്പുഷ്ടീകരിക്കുകയും ചെയ്യുന്ന ദിശയിൽ മുന്നോട്ടുപോകുന്നതിനും സൗദി അറേബ്യ ആഗ്രഹിക്കുന്നു. സൗദി അറേബ്യയുടെ എണ്ണ നയത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ മാറ്റമുണ്ടാകില്ല. ഉൽപാദനം കുറക്കുന്നതിന് ഒപെക്കും സംഘടനക്ക് പുറത്തുള്ള ഉൽപാദക രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ തുടരും. ഉൽപാദകരുടെ ക്ഷേമവും അഭിവൃദ്ധിയും ഉറപ്പു വരുത്തുന്നതിന് പരസ്പര ഏകോപനത്തോടെയും ഐക്യത്തോടെയുമാണ് എക്കാലത്തും സൗദി അറേബ്യ പ്രവർത്തിക്കുന്നതെന്നും ഊർജ മന്ത്രി പറഞ്ഞു. അടുത്ത കൊല്ലമോ 2021 ലോ ഓഹരികൾ വിൽപന നടത്തുന്നതിനാണ് സൗദി അറാംകോ ശ്രമിക്കുന്നത്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ ആകുമിതെന്നാണ് കരുതുന്നത്. 
 

Latest News