ദുബായ്- 1.94 ലക്ഷം ദിര്‍ഹമും രണ്ട് ബാങ്ക് ചെക്കുകളുമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചുനല്‍കിയ കോഫീ ഷോപ്പ് ജീവനക്കാരിയെ ദുബായ് പോലീസ് ആദരിച്ചു. ദുബായ് മാളിലെ 'സ്റ്റാര്‍ ബക്‌സ് ' കോഫീ ഷോപ്പിലെ ജീവനക്കാരിയായ ഫിലിപ്പൈന്‍ യുവതിയാണ് വന്‍തുകയും ബാങ്ക് ചെക്കുമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നല്‍കിയത്.
ഒരു ചെക്കില്‍ രേഖപ്പെടുത്തിയ തുക അഞ്ച് ലക്ഷം ദിര്‍ഹം. രണ്ടാമത്തെ ചെക്ക് 6250 ദിര്‍ഹമിന്റേതുമായിരുന്നു. കൂടാതെ ചെക്ക് ബുക്കും ധാരാളം രേഖകളും അടങ്ങിയതായിരുന്നു ബാഗ്. കാപ്പി കുടിക്കാന്‍ കടയില്‍ കയറിയ ഒരാള്‍ മറന്നു വച്ചതായിരുന്നു അത്.
ഉടമക്ക് നഷ്ടപ്പെട്ട തുക കാലതാമസം കൂടാതെ തിരിച്ചു ലഭിക്കാന്‍ ദുബായ് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു ജീവനക്കാരി. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ എത്തിയ പോലീസ് സഹപ്രവര്‍ത്തകരുടെയും സന്ദര്‍ശകരുടെയും മധ്യത്തില്‍ ജീവനക്കാരിയെ ഉപഹാരം നല്‍കി ആദരിച്ചു. വിശ്വസ്തതയും സത്യസന്ധതയും ജീവിതത്തില്‍ പ്രകാശിപ്പിച്ച ഈ ഫിലിപ്പീന്‍ വനിത സമൂഹത്തിനു മികച്ച മാതൃകയാണെന്ന് പോലീസ് സ്‌റ്റേഷന്‍ ആക്ടിംഗ് ഡയറക്ടര്‍ കേണല്‍ റാഷിദ് അല്‍ ശഹി പറഞ്ഞു.