ന്യൂദൽഹി- വാഹന വില്പനമേഖലയിൽ ഇന്ത്യ കഴിഞ്ഞ ഇരുപത് കൊല്ലത്തിനിടെയുള്ള ഏറ്റവും മോശം അവസ്ഥയിൽ. 1997-98ന് ശേഷം ഇതാദ്യമായാണ് വാഹന വിൽപന ഇന്ത്യയിൽ ഏറ്റവും താഴെ നിലയിൽ എത്തിയത്. സാധാരണ ഇരുചക്ര വാഹനങ്ങളുടെ വിപണിയിൽ ഇടിവ് ദൃശ്യമാകാറില്ലെങ്കിലും കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഇതാദ്യമായി ഈ മേഖലയിലും വിൽപന കുറഞ്ഞു. കഴിഞ്ഞമാസം ആകെ വിറ്റുപോയ വാഹനങ്ങളുടെ എണ്ണം 196,524 ആണ്. അതേസമയം കഴിഞ്ഞവർഷം ഓഗസ്റ്റിൽ 287,198 വാഹനങ്ങൾ വിറ്റുപോയിരുന്നു. 31.57 ശതമാനത്തിന്റെ കുറവ്.
അതേസമയം ഏറ്റവും വലിയ ഇടിവുണ്ടായത് കാറുകളുടെ വിൽപനയിലാണ്. 41.09 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ മാസമുണ്ടായത്. 115,957 കാറുകളാണ് കഴിഞ്ഞ മാസം വിറ്റത്. അതേസമയം യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപനയിൽ 2.2 ശതമാനത്തിന്റെ കുറവ് മാത്രമാണുണ്ടായത്. വാൻ വിഭാഗത്തിലും വൻ കുറവുണ്ടായി. ഇവിടെ 47.36 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.