ദുബായ്- ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ നൽകിയ കേസ് അജ്മാൻ കോടതി തള്ളിയത് സാങ്കേതിക കാരണത്താലാണെന്നും സിവിൽ കേസ് നടപടികളുമായി മുന്നോട്ടുപോകാമെന്നും നാസിൽ അബ്ദുള്ള. തുഷാറിനെതിരെ നാസിൽ അബ്ദുള്ള നൽകിയ കേസ് കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. നാസിൽ അബ്ദുള്ള സമർപ്പിച്ച രേഖകളിൽ വിശ്വാസ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ് തള്ളിയത്.
നാസിൽ അബ്ദുള്ളയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
സഹോദരി സഹോദരൻമാരെ,
അജ്മാൻ പ്രോസിക്യൂഷൻ കേസ് തള്ളിയത് തീർത്തും സങ്കേതികമായ കാരണത്താലാണ് . ചെക്ക് കൈപ്പറ്റിയ സമയം മുതൽ 5 വർഷത്തേക്ക് മാത്രമാണ് ക്രിമിനൽ കേസ് നിലനിൽക്കൂ. മറ്റൊരു സാധ്യതയായ സിവിൽ കേസ് നടപടികളുമായി മുന്നോട്ട് പോകാം എന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ.
ഒരു പാട് നാളുകളായിട്ടുള്ള എന്റെ പ്രശ്‌നങ്ങളുടെ പേരിൽ മാതാപിതാക്കളും കുടുംബവും വല്ലാത്ത മാനസിക വിഷമത്തിലാണ് . ഈ കഴിഞ്ഞ രണ്ട് ആഴ്ചകളിലായി കേസുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടർന്ന് അവർക്ക് ഉറക്കമില്ലാത്ത രാത്രികളാണ് . പണമൊന്നും കിട്ടിയില്ലെങ്കിലും മനസമാധനമെങ്കിലും കിട്ടട്ടെ എന്ന അവസ്ഥയിലേക്ക് അവർ എത്തിച്ചേർന്നിരിക്കുന്നു . രോഗ ശയ്യയിലെ പിതാവും , പരിചരിച്ച് കൂടെ നിൽക്കുന്ന വാർദ്ധക്യത്തിലെത്തി നിൽക്കുന്ന മാതാവും പാതിരാത്രികളിലും പൊട്ടിക്കരഞ്ഞുകൊണ്ട് നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന അതി കഠിനമായ സമ്മർദ്ദത്തിലുമാണ് ഞാനും.
എന്നെ അറിയുന്നവരും അറിയാത്തവരുമായ , ജാതി , മത , രാഷ്ട്രീയ ഭേദമേന്യെയുള്ള നല്ല മനുഷ്യരുടെ എല്ലാ അർത്ഥത്തിലുമുള്ള പിന്തുണയെ മാനിക്കുകയും ബഹുമാനിക്കുകയും , അതിനോടുള്ള നന്ദിയും കടപ്പാടും വാക്കുകൾക്കതീതമാണെങ്കിലും ഇവിടെ രേഖപ്പെടുത്തുന്നു .