Sorry, you need to enable JavaScript to visit this website.

പുതിയ ഊർജ മന്ത്രി അബ്ദുൽ അസീസ് രാജകുമാരൻ പെട്രോളിയം തന്ത്രരൂപീകരണ ശിൽപി

റിയാദ്- ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയുടെ പെട്രോളിയം തന്ത്രരൂപീകരണ ശിൽപിയായാണ് പുതിയ ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനെ കണക്കാക്കപ്പെടുന്നത്. ഊർജ, വ്യവസായ മന്ത്രാലയത്തിൽ ദീർഘകാലം പ്രവർത്തിച്ചതിന്റെ പരിചയസമ്പത്തുമായാണ് അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പുതിയ പദവിയിൽ നിയമിതനായിരിക്കന്നത്. 2017 മുതൽ ഊർജ, വ്യവസായ മന്ത്രാലയത്തിൽ ഊർജ കാര്യങ്ങൾക്കുള്ള സഹമന്ത്രിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 
1985 മുതൽ 1987 വരെ കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറൽസിനു കീഴിലെ റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ സാമ്പത്തിക, വ്യവസായ പഠന വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
1987 മുതൽ 1995 വരെയുള്ള കാലത്ത് പെട്രോളിയം, ധാതുവിഭവ മന്ത്രിയുടെ ഉപദേഷ്ടാവായി പ്രവർത്തിച്ചു. 1995 മുതൽ 2004 വരെയുള്ള കാലത്ത് പെട്രോളിയം, ധാതുവിഭവ മന്ത്രാലയത്തിൽ പെട്രോളിയം കാര്യങ്ങൾക്കുള്ള അണ്ടർ സെക്രട്ടറിയായിരുന്നു. 2004 മുതൽ 2015 വരെയുള്ള കാലത്ത് പെട്രോളിയം, ധാതുവിഭവ മന്ത്രാലയത്തിൽ പെട്രോളിയം കാര്യങ്ങൾക്കുള്ള അസിസ്റ്റന്റ് മന്ത്രിയായിരുന്നു. 2015 മുതൽ 2017 വരെയുള്ള കാലത്ത് ഡെപ്യൂട്ടി പെട്രോളിയം, ധാതുവിഭവ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 
സൗദി അറേബ്യയുടെ പെട്രോളിയം തന്ത്രം രൂപീകരിക്കുന്നതിന് പെട്രോളിയം, ധാതുവിഭവ മന്ത്രാലയത്തിലെയും സൗദി അറാംകൊയിലെയും മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റിയുടെയും പെട്രോളിയം തന്ത്രം പരിഷ്‌കരിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയുടെയും പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. 2005 ൽ ഒപെക് അംഗീകരിച്ച പ്രഥമ തന്ത്രം തയാറാക്കുന്നതിൽ അബ്ദുൽ അസീസ് രാജകുമാരൻ വലിയ പങ്ക് വഹിച്ചു. ദീർഘകാലത്തേക്കുള്ള ഒപെക്കിന്റെ തന്ത്രം തയാറാക്കുന്നതിന് അംഗ രാജ്യങ്ങളിലെ മന്ത്രാലയ അണ്ടർ സെക്രട്ടറിമാരെ ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റിയുടെ പ്രസിഡന്റ് അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനായിരുന്നു. 
2010 ൽ ഈ തന്ത്രം കമ്മിറ്റി പരിഷ്‌കരിക്കുകയും ചെയ്തു. നീതിപൂർവും ഭദ്രവുമായ നിരക്കുകളിലൂടെ ഒപെക് രാജ്യങ്ങളുടെ എണ്ണ വരുമാനം വർധിപ്പിക്കൽ, ആഗോള എണ്ണയാവശ്യത്തിൽ ഒപെക് രാജ്യങ്ങളുടെ വിഹിതം വർധിപ്പിക്കൽ, എണ്ണ വിപണിയുടെ സ്ഥിരതയും എണ്ണ ലഭ്യതയും സുരക്ഷയും ഉറപ്പുവരുത്തലും ഒപെക് താൽപര്യങ്ങൾ സംരക്ഷിക്കലും എന്നീ മൂന്നു ലക്ഷ്യങ്ങളാണ് തന്ത്രം നിർണയിക്കുന്നത്. 1987 മുതൽ അബ്ദുൽ അസീസ് രാജകുമാരൻ ഒപെക് സമ്മേളനങ്ങളിൽ പതിവായി പങ്കെടുത്തിട്ടുണ്ട്. 
ഹൈഡ്രോകാർബൺ കാര്യങ്ങൾക്കുള്ള സുപ്രീം കമ്മിറ്റി, കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജി ഡയറക്ടർ ബോർഡ്, കിംഗ് അബ്ദുല്ല ആണവ, പുനരുപയോഗ ഊർജ സിറ്റി ഡയറക്ടർ ബോർഡ് എന്നിവയിൽ അംഗങ്ങളാണ്. കിംഗ് അബ്ദുല്ല പെട്രോളിയം റിസേർച്ച് സെന്റർ, സൗദി ഊർജ കാര്യക്ഷമതാ സെന്റർ എന്നിവയുടെ രൂപീകരണത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സൗദി അറാംകൊക്കും ഒപെക്കിനുമെതിരെ അമേരിക്കൻ കോടതികളിൽ ഉയർന്നുവന്ന കേസുകളുമായി ബന്ധപ്പെട്ട നിയമ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പെട്രോളിയം മന്ത്രാലയത്തിൽ രൂപീകരിച്ച കമ്മിറ്റിയുടെ പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. കേസുളിൽ സൗദി അനുകൂല വിധി നേടിയെടുക്കുന്നതിനും ബില്യൺ കണക്കിന് ഡോളറിന്റെ നഷ്ടം നേരിടുന്ന സാഹചര്യം ഒഴിവാക്കുന്നതിനും അബ്ദുൽ അസീസ് രാജകുമാരന്റെ നേതൃത്വത്തിൽ കമ്മിറ്റിക്ക് സാധിച്ചു. 
സൗദി-കുവൈത്ത് അതിർത്തിയിൽ ന്യൂട്രൽ സോണിൽ എണ്ണ വ്യവസായ കേന്ദ്രങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശകലനം ചെയ്യുന്നതിന് രൂപീകരിച്ച സൗദി-കുവൈത്ത് കമ്മിറ്റിയിൽ സൗദി ഭാഗത്തിന്റെ പ്രസിഡന്റും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനായിരുന്നു. സൗദിയിൽ ഊർജ, ജല ഉൽപന്നങ്ങളുടെ വില പതിവായി പുനഃപരിശോധിക്കുന്നതിനും പുനർനിർണയിക്കുന്നതിനും വില ഉയർത്തുന്നതിനും പകരം പൗരന്മാർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള സംവിധാനങ്ങളെ കുറിച്ച് പഠിക്കുന്നതിനും രൂപീകരിച്ച കമ്മിറ്റിയുടെ പ്രസിഡന്റും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനാണ്. 
1982 ൽ ദഹ്‌റാൻ കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറൽസിൽ നിന്ന് ഇൻഡസ്ട്രിയൽ മാനേജ്‌മെന്റിൽ ബാച്ചിലർ ബിരുദവും 1985 ൽ ബിസിനസ് മാനേജ്‌മെന്റിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്.
 

Latest News