ചാവക്കാട്- കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന പുതുവീട്ടിൽ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ ചാവക്കാട് ഏരിയ പ്രസിഡന്റ് ചാവക്കാട് പുന്ന അറയ്ക്കൽ ജമാലുദ്ദീ(കാരി ഷാജി 49)നെയാണ് അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇയാൾക്കു വേണ്ടി അന്വേഷണസംഘം നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നൗഷാദിനെ കൊലപ്പെടുത്താനുള്ള സംഘത്തെ എത്തിച്ചതിലും കൊല ആസൂത്രണം ചെയതതിലും ഇയാളാണ് മുഖ്യപങ്കുവഹിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി. സി.ഡി. ശ്രീനിവാസന്റെയും ചാവക്കാട് എസ്.എച്ച്.ഒ. ജി.ഗോപകുമാറിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.കേസിൽ ഇതുവരെ അറസ്റ്റിലായ ആറു പേരും എസ്.ഡി.പി.ഐ.യുടെ സജീവ പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു. എസ്.ഡി.പി.ഐ. പ്രവർത്തകനായ എടക്കഴിയൂർ നാലാംകല്ല് തൈപറമ്പിൽ മുബിൻ(26),പോപ്പുലർ ഫ്രണ്ടിന്റെ മന്ദലാംകുന്ന് ഏരിയ പ്രസിഡന്റ് പുന്നയൂർ അവിയൂർ വാലിപറമ്പിൽ ഫെബീർ(30),പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ചെറുതുരുത്തി വെട്ടിക്കാട്ടിരി ഇരക്കാട്ടിൽ മുഹമ്മദ് മുസ്തഫ(37),പോപ്പുലർ ഫ്രണ്ട് ചാവക്കാട് ഡിവിഷൻ മുൻ പ്രസിഡന്റ് പാലയൂർ കരിപ്പയിൽ ഫാമിസ്(42), ഗുരുവായൂർ കോട്ടപ്പടി തോട്ടത്തിൽ (കറുപ്പംവീട്ടിൽ) ഫൈസൽ(37) എന്നിവരാണ് കേസിൽ നേരത്തെ അറസ്റ്റിലായത്. ജൂലൈ 30നാണ് പുന്ന സെന്ററിൽ വെച്ച് ബൈക്കുകളിലെത്തിയ സംഘം നൗഷാദ് ഉൾപ്പെടെ നാലു പേരെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ നൗഷാദ് പിറ്റേന്ന് രാവിലെ മരിച്ചു.