Sorry, you need to enable JavaScript to visit this website.

485 കോടി രൂപയുടെ ബിറ്റ്‌കോയിൻ ഇടപാട്: ഒരു ബിറ്റ്‌കോയിൻ കൊല

കൊടിയ പീഡനത്തിനൊടുവിൽ ഷുക്കൂർ തീർത്തും അവശനായി ശരീരത്തിൽ മർദനം ഏൽക്കാത്ത ഒരു ഭാഗവുമില്ല വിരലുകൾ മുറിച്ചെടുത്തു 

മലപ്പുറത്തുകാരനായ യുവാവിനെ മലപ്പുറത്തുകാരായ ഏതാനും യുവാക്കൾ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഏവരെയും ഞെട്ടിക്കുന്നതാണ്. 485 കോടി രൂപയുടെ ബിറ്റ്‌കോയിൻ ഇടപാടുമായി ബന്ധപ്പെട്ട തർക്കമോ, തട്ടിപ്പോ ആണ് ഈ കൃത്യത്തിന് പിന്നിലെന്നാണ് ഉത്തരാഖണ്ഡ് പോലീസ് കേരള പോലീസിനെ അറിയിച്ചത്. മലപ്പുറം-പുലാമന്തോളിനടുത്ത വടക്കൻ പാലൂർ സ്വദേശി മേലേപീടിയേക്കൽ അബ്ദുൽ ഷുക്കൂറാണ് (24) ദുരൂഹമായി കൊല്ലപ്പെട്ടത്. രാജ്യത്ത് നിരോധിച്ചിട്ടുള്ള ബിറ്റ്കോയിൻ പോലുള്ള ക്രിപ്‌റ്റോ കറൻസി കൊണ്ട് ഇടപാട് നടത്തിയാൽ 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതാദ്യമായാണ് ഇത്തരം ഇടപാടുമായി ബന്ധപ്പെട്ട് ഒരു മലയാളി കൊല്ലപ്പെടുന്നത്. മലപ്പുറത്തുകാരായ പത്തു പേർ ചേർന്നാണ് കൊല നടത്തിയതെന്ന് ഡെറാഡൂൺ  സീനിയർ പോലീസ് സൂപ്രണ്ട് അരുൺ മോഹൻ ജോഷിയെ ഉദ്ധരിച്ച് ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട ഷുക്കൂർ രണ്ട് പേരിലുള്ള ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ചുകൾ നടത്തിയിരുന്നു. 
ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ, ഷുക്കൂറിന്റെ ബിസിനസ് പങ്കാളികളാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്ത അഞ്ചു പേരും പിടികിട്ടാനുള്ള മറ്റ് പ്രതികളും മലപ്പുറത്തുകാർ തന്നെയാണ്. പിടിയിലായവരെ തൽക്കാലം കസ്റ്റഡിയിൽ വാങ്ങുന്നില്ലെന്ന് സംസ്ഥാന ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്. ഷുക്കൂറിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ബിറ്റ്‌കോയിൻ ഇടപാട് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ പറയുന്നു. ബിറ്റ്‌കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ബിറ്റ്‌കോയിൻ?
ലോകത്തിന്റെ സ്പന്ദനം ഡിജിറ്റൽ ലോകത്തേക്ക് ചുവട് മാറിയതോടെ വിനിമയ രംഗത്തുണ്ടായ നിർണായക മാറ്റങ്ങളിലൊന്നാണ് ബിറ്റ്‌കോ കറൻസി ഇടപാട്. എൻക്രിപ്ഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് കൊണ്ട് ഇവയെ ക്രിപ്റ്റോ കറൻസി എന്നും പറയുന്നുണ്ട്. ബ്ലോക് ചെയിൻ എന്ന സാങ്കേതിക വിദ്യ വഴി ഒന്നിലധികം കംപ്യൂട്ടറുകൾ ഉപയോഗിച്ച് നിർമിക്കുന്ന ക്രിപ്‌റ്റോ കറൻസികളിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് ബിറ്റ്‌കോയിനാണ്. എടുത്ത് കാണിക്കാൻ കഴിയാത്ത സാങ്കൽപികമായ കറൻസിയാണിത്. ലോഹം-കടലാസ് രൂപമൊന്നും ഇതിനില്ല. ഇന്റർനെറ്റിലൂടെ സാമ്പത്തിക ഇടപാട് ഇതുവഴി നടത്താനുമാകും. ഇന്റർനെറ്റിൽ പ്രത്യേക യൂസർ നെയിമും, പാസ്‌വേഡും ഉപയോഗിച്ച് ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ നടത്തി ബാങ്കുകളിലെ അക്കൗണ്ടിലേക്ക് പണം മാറ്റാനും കഴിയും. അതേസമയം, ഭരണകൂടത്തിന്റേയോ, ബാങ്കുകളുടേയോ നിയന്ത്രണങ്ങളൊന്നും ബിറ്റ്‌കോയിന് ബാധകവുമല്ല. 
അതോടൊപ്പം വിശ്വാസ്യതയുടെ പ്രശ്‌നവും ബിറ്റ്‌കോയിൻ നേരിടുന്നുണ്ട്. ഡിജിറ്റൽ നാണയമായ ബിറ്റ്‌കോയിൻ ഇടപാട് ഇന്ത്യയിൽ അനുവദനീയമല്ല. 2018-ൽ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി, ബിറ്റ്‌കോയിൻ ഇടപാടുകൾക്ക് ഒരു തരത്തിലുമുള്ള നിയമ സാധുതയില്ലെന്ന് വിശദീകരണം നൽകിയിരുന്നു. ഇക്കാരണം കൊണ്ടാണ് ഇന്ത്യയിൽ ബിറ്റ്‌കോയിൻ ഇടപാടുകൾക്ക് അംഗീകാരമില്ലാത്തതും. എന്നാൽ ചില രാജ്യങ്ങളിൽ ബിറ്റ്‌കോയിൻ ഇടപാടുകൾ നടക്കുന്നത് കാരണം ഇതിന് നിയമ സാധുത നൽകണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യവുമുയരുന്നുണ്ട്. കാരണം ബിറ്റ്‌കോയിനിലേക്ക് ആളുകൾ കൂടുതലായി ആകർഷിക്കപ്പെടുന്നുണ്ട് എന്നത് തന്നെ. ബിറ്റ്‌കോയിനുകൾക്ക് ഏതെങ്കിലും രാജ്യവുമായി ബന്ധമില്ലാത്തതിനാലും നിയന്ത്രണങ്ങൾ ഇല്ലാത്തതിനാലും ഇടപാടുകൾ എളുപ്പമാണ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്, ഭീകരവാദ പ്രവർത്തനം എന്നിവയ്‌ക്കെല്ലാം ബിറ്റ്‌കോയിൻ ഇടപാട് ഏറെ സഹായകമാവും എന്നതാണ് വിദഗ്ധ മതം. 
ക്രിപ്റ്റോ കറൻസി നിരോധന നിയമ പ്രകാരമുള്ള ഡിജിറ്റൽ കറൻസി ബിൽ 2019-ലാണ് നമ്മുടെ രാജ്യത്ത് നിലവിൽ വന്നത്. പത്ത് വർഷത്തെ ജയിൽ ശിക്ഷ ഈ കുറ്റത്തിന് ശുപാർശ ചെയ്യുന്നുണ്ട്. ക്രിപ്റ്റോ കറൻസി രൂപപ്പെടുത്തുകയോ കൈവശം സൂക്ഷിക്കുകയോ കൈമാറ്റം ചെയ്യുകയോ, വിൽക്കുകയോ ചെയ്യുന്നതും പത്ത് വർഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്. ക്രിപ്റ്റോ കറൻസി കൈവശം സൂക്ഷിക്കുന്നതാകട്ടെ, ജാമ്യം ലഭിക്കാത്ത കുറ്റമായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്റർനെറ്റിൽ തങ്ങളുടെ ആപ്ലിക്കേഷനായ ഫെയ്‌സ്ബുക്ക് വഴി ഡിജിറ്റൽ കറൻസി ഇടപാട് നടത്താൻ തീരുമാനമെടുത്തതായി ഫെയ്‌സ്ബുക്ക് മേധാവി സക്കർബർഗിനെ ഉദ്ധരിച്ച് അടുത്തിടെ വാൾസ്ട്രീറ്റ് ജേർണൽ വാർത്ത പുറത്ത് വിട്ടിരുന്നു. തങ്ങളുടെ ഡിജിറ്റൽ കറൻസി നടപ്പാക്കാൻ ഓൺലൈൻ വ്യാപാരികൾ, പ്രധാനപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവരുമൊക്കെയായി സക്കർബർഗിന്റെ പ്രതിനിധികൾ നടത്തുന്ന ചർച്ച പുരോഗമിക്കുന്നതായും വാൾസ്ട്രീറ്റ് ജേർണലിൽ വിശദമാക്കിയിരുന്നു. ബി.ടി.സി ബിറ്റ്സ്, ബിറ്റ്ജെക്സ്, ബി.ടി.സി ഗ്ലോബൽ, ബി.ടി.സി സ്പാർ തുടങ്ങിയ പേരിലുള്ള കമ്പനികൾ ബിറ്റ്കോയിൻ ഇടപാടിലൂടെ കോടികൾ തട്ടിയത് പ്രധാനപ്പെട്ട വാർത്തയായിരുന്നു. ഈ കമ്പനികളൊന്നും തന്നെ ഇപ്പോൾ നിലവിലില്ല. വൻതോതിൽ പണം സ്വരൂപിച്ച ശേഷം കമ്പനിയുമായി ബന്ധമുള്ളവർ മുങ്ങിയെന്നാണ് ആരോപണം.

ഷുക്കൂറിന്റെ ഉയർച്ചയും പതനവും
രണ്ട് വർഷമായി ബി.ടി.സി ബിറ്റ്‌സ് എന്ന പേരിൽ ക്രിപ്‌റ്റോ കറൻസി ഇടപാട് നടത്തിയിരുന്ന ഷുക്കൂർ കഴിഞ്ഞ വർഷം അവസാനത്തിലാണ് തായ്ലന്റ് ആസ്ഥാനമായി ബിറ്റ്‌ജെക്‌സ് എന്ന  പേരിൽ പുതിയ കമ്പനി ആരംഭിച്ചത്. കാസർകോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ നിന്ന് വൻതോതിൽ ഇയാൾ പണം സ്വരൂപിക്കുകയും ചെയ്തു. തിരുവനന്തപുരത്തേയും മലപ്പുറത്തേയും ഏതാനും പോലീസ് ഉദ്യോഗസ്ഥരും ഷുക്കൂറിന്റെ ബിസിനസിൽ പണം മുടക്കിയതായാണ് അറിവ്. ബിറ്റ്‌കോയിൻ ട്രേഡ് ചെയ്ത് വരുമാനത്തിന്റെ ലാഭ വിഹിതം നിക്ഷേപകർക്ക് ഡിജിറ്റൽ പണമായി വെബ്‌സൈറ്റിലേക്ക് കൈമാറുകയും ചെയ്തിരുന്നു. ക്രിപ്റ്റോ കറൻസികളുടെ ഇടപാട് നടക്കുന്ന എക്സ്ചേഞ്ചുകൾ വഴിയാണ് ഇത് ഇന്ത്യൻ രൂപയിലേക്ക് മാറ്റിയിരുന്നത്.
രണ്ട് വർഷം മുമ്പ് പെരിന്തൽമണ്ണ കേന്ദ്രമാക്കി തുടക്കമിട്ട ബിറ്റ്‌കോയിൻ ഇടപാട് മലപ്പുറം ജില്ലയ്ക്ക് പുറമെ മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിച്ചത് അതിവേഗതയിലായിരുന്നു. ഇതോടെ ഷുക്കൂറിന് വൻതോതിൽ പണവും കൈവന്നു. ഒട്ടേറെ ബിസിനസ് പങ്കാളികളും കൂട്ടിനുണ്ടായി. 'ബിറ്റിജാക്സ് ഡോട്ട് ബി.ടി.സി, ബി.ടി.സി ഡോട്ട് ബിറ്റ് ഡോട്ട് ഷുക്കൂർ' എന്നീ പേരുകളിലായിരുന്നു ഷുക്കൂറിന്റെ ഇടപാടുകൾ. ബിറ്റ്കോയിൻ മാർക്കറ്റ് കുത്തനെ ഉയർന്നതോടെ നിക്ഷേപകർ കൂടുതൽ ആകർഷിക്കപ്പെട്ടു. നൂറ് ദിവസം കൊണ്ട് നിക്ഷേപത്തുകയുടെ മൂന്നിരട്ടി ലാഭം നേടാമെന്നായിരുന്നു ഷുക്കൂറിന്റെ വാഗ്ദാനം. ഇത് ആദ്യമൊക്കെ പാലിക്കുകയും ചെയ്തു. ഷുക്കൂറിന്റെ ബിറ്റ്‌കോയിൻ ബിസിനസ് കത്തിജ്വലിച്ച് നിൽക്കുന്ന വേളയിൽ കേരളത്തിലും ഗൾഫിലും തായ്ലന്റിലുമായി ഇയാൾ കുറേ ആസ്തികൾ വാങ്ങിയിരുന്നു. രണ്ടു കമ്പനികൾ രജിസ്റ്റർ ചെയ്ത തായ്ലന്റിൽ രണ്ടു കോടി രൂപ വില മതിക്കുന്ന ഹോട്ടലുമുണ്ടായിരുന്നു. കർണാടക സ്വദേശി മിന്റു ശർമയായിരുന്നു ഇവിടുത്തെ മാനേജർ. ചെലവുകൾ പെരുപ്പിച്ച് കാണിച്ച് മിന്റു ശർമ ഷുക്കൂറിൽ നിന്ന് ധാരാളം പണം കൈവശപ്പെടുത്തിയതായും ഷുക്കൂറിന്റെ ബന്ധുക്കൾ പറയുന്നു. ഇതിനിടെ അപ്രതീക്ഷിതമായി കാര്യങ്ങൾ തകിടം മറിയാൻ തുടങ്ങിയതോടെ നിക്ഷേപകർക്ക് ലാഭം കിട്ടാതായി. പതിനായിരം ഡോളറിന് മുകളിൽ വിലയുണ്ടായിരുന്ന ബിറ്റ്‌കോയിൻ മൂവായിരം ഡോളറിലേക്ക് കൂപ്പ് കുത്തിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഓഹരി ട്രേഡ് ചെയ്യാൻ കഴിയാതിരുന്നതോടെ നിക്ഷേപകർ പണം ആവശ്യപ്പെടാനും തുടങ്ങി. അവസരം മുതലെടുത്ത് വൻ തുക മുടക്കിയവർ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ ഷുക്കൂറിന്റെ ആസ്തികൾ കൈവശപ്പെടുത്തിയെന്നാണ് പറയപ്പെടുന്നത്. 

തികഞ്ഞ ദുരൂഹത
ബിസിനസിൽ സാമ്പത്തിക പ്രതിസന്ധി വന്നതോടെ പങ്കാളികളായിരുന്ന പലരും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ഷുക്കൂറിന്റെ കുടുംബം പറയുന്നു. ഷുക്കൂർ മുഖേന തീർക്കേണ്ട ചില സാമ്പത്തിക ഇടപാടുകളുണ്ടെന്നും അത് തീർക്കാൻ കൂടെ ചെല്ലണമെന്നും അല്ലെങ്കിൽ എല്ലാ ബാധ്യതകളും ഷുക്കൂർ ഏൽക്കേണ്ടി വരുമെന്നും പറഞ്ഞ് ജൂലൈ 12-ന് പന്ത്രണ്ട് പേരടങ്ങിയ സംഘം വീട്ടിലെത്തിയതായി ഷുക്കൂറിന്റെ മാതാവ് മേലേപീടിയക്കൽ സക്കീന ഡി.ജി.പിക്കും മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൽ കരീമിനും നൽകിയ പരാതിയിൽ വിശദീകരിക്കുന്നു. മകന്റെ ആധാർ കാർഡ്, ബിസിനസുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ, കംപ്യൂട്ടർ, മൊബൈൽ ഫോൺ, പെൻഡ്രൈവ് തുടങ്ങിയവയും പന്ത്രണ്ടംഗ സംഘം വീട്ടിൽനിന്ന് കൈവശപ്പെടുത്തിയതായി പറയുന്നു. പിന്നീട് മകന്റെ മരണ വിവരമാണ് തങ്ങൾ അറിഞ്ഞതെന്നും സക്കീനയുടെ പരാതിയിൽ പറയുന്നു. ബ്ലാങ്ക് ചെക്കുകളിലും സ്റ്റാമ്പ് പേപ്പറുകളിലും മറ്റ് രേഖകളിലും സംഘം ഷുക്കൂറിനെ കൊണ്ട് ഒപ്പ് വയ്പ്പിക്കുകയും മകന് അപകടമുണ്ടാകുമെന്ന് കരുതിയാണ് അന്ന് പരാതിപ്പെടാതിരുന്നതെന്നും സക്കീന പറയുന്നു. ഹർഷദ് വെന്നിയൂർ എന്നയാളാണ് ഷുക്കൂറിനെ വീട്ടിൽനിന്ന് കൊണ്ടുപോയതെന്നും അയാളുടേയും കടത്തിക്കൊണ്ടുപോയ കാറിന്റേയും മറ്റ് സംഘാംഗങ്ങളുടെ ഫോട്ടോ എന്നിവയും പരാതിയോടൊപ്പം സക്കീന പോലീസിന് കൈമാറിയിട്ടുണ്ട്.
ഷുക്കൂറിന്റെ ആത്മമിത്രങ്ങളായ ഹർഷദ്, ആഷിഖ് എന്നിവരുൾപ്പെടുന്ന സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു പിന്നീട് കാര്യങ്ങളെല്ലാം. ഷുക്കൂർ ജൂലൈയിൽ വീട്ടിൽനിന്ന് പോയ ശേഷം ചെന്നൈയിലും, ബംഗളൂരുവിലുമെല്ലാം ഷുക്കൂറുമായി ഇവർ കറങ്ങിയിരുന്നു. കുഴപ്പമൊന്നുമില്ലെന്നും എല്ലാം ശരിയാകുമെന്നും ഷുക്കൂർ ഇടക്കിടെ മാതാവിന് വാട്സ്ആപ്പ് സന്ദേശവും അയച്ചിരുന്നു. പുലാമന്തോളിലെ വീട്ടിൽനിന്ന് ഷുക്കൂറിനെ കടത്തിക്കൊണ്ട് പോയത് മലയാളികളായതിനാൽ അന്വേഷണം കുറ്റമറ്റതാക്കാൻ കേരളാ പോലീസ് വിഷയത്തിൽ ഇടപെടണമെന്ന് നാട്ടുകാർ രൂപം നൽകിയ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി മുഹമ്മദ് ഹനീഫ, എം.പി അൻസാർ, പി.കെ ഖാലിദ്, കെ.ഷിബു, പി.മുഹമ്മദ്കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിലും ആവശ്യപ്പെട്ടു. 

പാസ്‌വേഡിനായി വിരൽ മുറിച്ചു 
ബിസിനസിൽ പ്രതിസന്ധി ഉടലെടുത്ത ശേഷം നിക്ഷേപകർ പതിവായി ഷുക്കൂറിനെ തിരക്കി വരാൻ തുടങ്ങിയതോടെ അയാൾ തായ്‌ലന്റിലേക്ക് കടക്കുകയായിരുന്നു. അവിടുത്തെ മാനേജർ മിന്റുശർമയുടെ നിയന്ത്രണത്തിലായി പിന്നീട് കാര്യങ്ങളെല്ലാം. അവസരം മുതലെടുത്ത് മിന്റു ശർമയും കുറേ പണം തട്ടിയതായി പറയുന്നു. നിക്ഷേപകർക്ക് പണം തിരിച്ച് നൽകാമെന്ന് തായ്‌ലന്റിൽ വെച്ച് വ്യക്തമായ ധാരണയുണ്ടാക്കി കേരളത്തിൽ മടങ്ങിയെത്തിയ ഷുക്കൂർ പിന്നീടാണ് സുഹൃത്തുക്കളായ ബിസിനസ് പങ്കാളികൾ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘത്തിന്റെ വലയിലാകുന്നത്. തന്റെ ബിറ്റ്‌കോയിൻ വ്യാപാര അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും, ഉടൻ സ്വന്തമായി ട്രേഡിംഗ് നടത്തി പണം തിരിച്ചു നൽകാമെന്നുമാണ് അടുത്ത സുഹൃത്തുക്കളായ പങ്കാളികളോട് ഷുക്കൂർ പറഞ്ഞിരുന്നത്. ഇതിന് വേണ്ടി സി.എം-പേ എന്ന പുതിയ ഡിജിറ്റൽ ടോക്കണും ഷുക്കൂർ തുടങ്ങിയിരുന്നു. സെപ്റ്റംബർ ഒന്ന് മുതൽ ഘട്ടങ്ങളായി നിക്ഷേപകരുടെ പണം തിരിച്ച് നൽകുമെന്നും 2020 ഫെബ്രുവരി ആകുമ്പോഴേക്കും മുഴുവൻ ബാധ്യതയും തീർക്കാമെന്നുമായിരുന്നു ഷുക്കൂർ പറഞ്ഞിരുന്നത്. എന്നാൽ ഷുക്കൂറിന്റെ സന്തത സഹചാരികളായ കൂട്ടുകാർ ഇത് വിശ്വസിച്ചില്ല. കോടികൾ വിലയുള്ള ബിറ്റ്‌കോയിൻ ഷുക്കൂറിന്റെ പക്കലുണ്ടെന്നും അതിന്റെ പാസ്‌വേഡ് കണ്ടെത്തി പണം തട്ടാമെന്നുമാണ് സുഹൃത്തുക്കൾ പദ്ധതിയിട്ടത്.
തായ്‌ലന്റിൽ നിന്ന് തിരിച്ചെത്തിയ ഷുക്കൂർ ഓഗസ്റ്റ് 12-ന് അടുത്ത സുഹൃത്തുക്കൾ നാല് പേരുൾപ്പെടുന്ന ഒമ്പതംഗ സംഘത്തോടൊപ്പം ഡെറാഡൂണിലെത്തി. അവിടെ വിദ്യാർഥിയും ഷുക്കൂറിന്റെ സുഹൃത്തുമായ യാസീന്റെ സഹായത്തോടെ വാടക വീടും ഏർപ്പാടാക്കി. തന്റെ ബിറ്റ്കോയിൻ വ്യാപാര അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ഷുക്കൂർ പങ്കാളികളും സുഹൃത്തുക്കളുമായ ഇവരോട് പറഞ്ഞതാണ് അയാൾക്ക് വിനയായത്. കോടികൾ വിലയുള്ള ബിറ്റ്കോയിൻ ഷുക്കൂറിന്റെ പക്കലുണ്ടെന്നും അത് മറച്ച് വയ്ക്കുകയാണെന്നും സംഘം ഉറച്ച് വിശ്വസിച്ചു. ഡെറാഡൂണിൽ സംഘത്തോടൊപ്പം കഴിഞ്ഞ ഷുക്കൂറിൽ നിന്ന് പാസ്‌വേഡ് കൈക്കലാക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് സംഘത്തിന് ബോധ്യമായി. വാഗ്വാദവും തർക്കവും ഫലിക്കാതെ വന്നതോടെയാണ് മർദനം തുടങ്ങിയത്. ഡെറാഡൂണിലെ വാടക വീട്ടിൽ ഓഗസ്റ്റ് 26-ന് കസേരയിലിരുത്തി കൈകൾ പിന്നിലേക്ക് ബന്ധിച്ച് പ്രതികൾ ഷുക്കൂറിനെ നിരന്തരം മർദിക്കുകയായിരുന്നുവെന്നും ഓഗസ്റ്റ് 28 വരെ ഇത് തുടർന്നിട്ടും ബിറ്റ്‌കോയിൻ വ്യാപാര അക്കൗണ്ട് തുറക്കാനുള്ള പാസ്‌വേഡ് കൈക്കലാക്കാൻ പ്രതികൾക്ക് കഴിഞ്ഞില്ലെന്നുമാണ്  ഡെറാഡൂൺ സിറ്റി പോലീസ് സൂപ്രണ്ട് ശ്വേത ചൗബയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രണ്ട് ദിവസത്തെ കൊടിയ പീഡനത്തിനൊടുവിൽ ഷുക്കൂർ തീർത്തും അവശനായി. ശരീരത്തിൽ മർദനം ഏൽക്കാത്ത ഒരു ഭാഗവുമില്ല. വിരലുകൾ മുറിച്ചെടുത്തു. ഓഗസ്റ്റ് 28 ന് ഹർഷദ് എന്നയാൾ ഷുക്കൂറിന്റെ ബന്ധു സിദ്ദീഖുമായി വാട്‌സാപ്പിൽ ബന്ധപ്പെട്ടിരുന്നു. ഷുക്കൂർ ഒപ്പിട്ട ചില രേഖകൾ വീട്ടിലുണ്ടെന്നും അതിന്റെ ഫോട്ടോ വാട്‌സാപ്പ് വഴി അയക്കണമെന്നുമാണ് ഹർഷദ് ആവശ്യപ്പെട്ടത്. അതു പ്രകാരം ഷുക്കൂറിന്റെ വീട്ടുകാർ രാത്രി 9.30 ന് രേഖകൾ വാട്‌സാപ്പ് വഴി ഹർഷദിന് അയക്കുകയും ചെയ്തു. എന്നാൽ അത് ശ്രദ്ധിച്ചതായി വാട്‌സാപ്പിൽ തെളിഞ്ഞിട്ടില്ല. ഈ വേളയിലാണ് ഷുക്കൂർ കൊല്ലപ്പെട്ടതെന്നാണ് അനുമാനം. ഓഗസ്റ്റ് 28 ന് ഷുക്കൂറിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 50 ലക്ഷം രൂപ പിൻവലിച്ചിട്ടുമുണ്ട്.
ഓഗസ്റ്റ് 28 ന് രാത്രി അവശനായ ഷുക്കൂറുമായി പ്രതികൾ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തി. അപ്പോഴേക്കും ഷുക്കൂർ മരണപ്പെട്ടിരുന്നു. മരണം സ്ഥിരീകരിക്കപ്പെട്ടതോടെ, പ്രതികൾ അവിടെ നിന്ന് തിരിച്ച് മറ്റൊരു സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ ജഡം ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ആശുപത്രി ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പ്രതികളെ തിരിച്ചറിയുകയും ദൽഹിയിലേക്ക് രക്ഷപ്പെടാൻ ഒരുങ്ങവേ അഞ്ച് പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഷുക്കൂർ കൊല്ലപ്പെടുന്നതിന്റെ മുമ്പാകാം അയാളുടെ വിരലുകൾ മുറിച്ചെടുത്തതെന്നാണ് പോലീസിന്റെ നിഗമനം. വിരലടയാളത്തിന് വേണ്ടിയാകാം ഇതെന്നും പോലീസ് പറയുന്നു.
സംഘത്തിന്റെ കസ്റ്റഡിയിലായിരുന്ന ഷുക്കൂറിൽ നിന്ന് അയാളുടെ മുഴുവൻ ആസ്തികളുടേയും ഉടമസ്ഥാവകാശം മാറ്റിയിട്ടുണ്ട് എന്നാണ് വിവരം. ആറ് മാസത്തിനകം നിക്ഷേപകരുടെ മുഴുവൻ തുകയും കൊടുത്ത് തീർക്കാൻ തീരുമാനിച്ചിരിക്കെയാണ് ഷുക്കൂർ അതിക്രൂരമായി കൊല്ലപ്പെടുന്നത്. ഷുക്കൂറിന്റെ ജഡത്തിൽ നിന്ന് ലഭിച്ച വിലാസമനുസരിച്ച് ഡെറാഡൂൺ പോലീസ് മലപ്പുറം-തിരൂരങ്ങാടി പോലീസിന് വിവരം കൈമാറി. ഇവിടെ നിന്ന് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ വഴിയാണ് ബന്ധുക്കളെ വിവരമറിയിച്ചത്. മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ സ്വദേശികളായ ആഷിഖ്, ഹർഷദ്, റിഹാബ്, മുനീഫ്, യാസീൻ എന്നീ അഞ്ച് പ്രതികളാണ് അറസ്റ്റിലായവർ. ഇവരിൽ നാലു പേർ ഷുക്കൂറിന്റെ അടുത്ത മിത്രങ്ങളും ബിസിനസ് പങ്കാളികളുമാണ്. സുഫൈൽ, അഫ്താബ് മുഹമ്മദ്, ഫാരിസ് മംനൂൻ, സി.അരവിന്ദ്, അൻസിഫലി എന്നിവരാണ് മറ്റ് പ്രതികളെന്ന് പോലീസ് അറിയിച്ചു.  ഇവരെ പിടികിട്ടാനുണ്ട്. ഈ കേസിൽ ഇത് വരെ കേരളാ പോലീസ് ഇടപെട്ടിട്ടില്ല. അതേസമയം, കേരളത്തിൽ പുതിയ അന്വേഷണം തുടങ്ങുമെന്നാണ് പോലീസ് വ്യക്തമാക്കിയത്.
 

Latest News