അൽഐൻ- കൃത്രിമ രേഖ ചമച്ച് രാജ്യം വിടാൻ ശ്രമിച്ച കേസിൽ വ്യവസായി ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലന് ഒരു മാസം തടവും നാടുകടത്തലും ശിക്ഷ. അൽഐനിലെ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. അതേസമയം, ബൈജു ഗോപാലനെതിരെ ചെക്ക് കേസ് നിലവിലുള്ളതിനാൽ ശിക്ഷാ കാലവധി കഴിഞ്ഞാലും രാജ്യം വിടാനാകില്ല. ഫലത്തിൽ ചെക്ക് കേസ് തീർന്നാൽ ബൈജു ഗോപാലിനെ നാടുകടത്തും.
ദുബായിൽ ഹെൽത്ത് കെയർ സ്ഥാപനം വാങ്ങിയതുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശി രമണി നൽകിയ കരാർ ലംഘന കേസിലാണ് ബൈജുവിന് യാത്രാവിലക്കുള്ളത്. രണ്ടു കോടി ദിർഹത്തിന്റെ ചെക്ക് കേസ് മടങ്ങിയെന്ന് കാണിച്ചാണ് രമണി പരാതി നൽകിയത്. എന്നാൽ കേസിൽനിന്ന് രക്ഷപ്പെടാനായി ഓഗസ്റ്റ് 23ന് യു.എ.ഇയിൽനിന്ന് റോഡുമാർഗം ഒമാനിലേക്ക് കടക്കാൻ ശ്രമിക്കവെ അതിർത്തിയിൽ പിടിയിലാവുകയായിരുന്നു.