റിയാദ്- സൗദിയുടെ പുതിയ ഊർജ്ജ മന്ത്രിയായി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനെ നിയമിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് രാജവിജ്ഞാപനമിറക്കി. 2016 മുതൽ ഊർജ മന്ത്രി പദവി വഹിച്ചിരുന്ന ഖാലിദ് അൽ ഫാലിഹിനെ മാറ്റിയാണ് പുതിയ നിയമനം. സുൽത്താൻ അഹമ്മദ് ബിൻ അബ്ദുൽ അസീസ് ആലു സൗദിനെ ബഹ്‌റൈൻ അംബാസിഡറായും നിയമിച്ചു. ഒസാമ ബിൻ അബ്ദുൽ അസീസ് അൽ സാമിലിനെ വ്യവസായ പ്രകൃതി വിഭവ വകുപ്പിന്റെ സഹമന്ത്രിയായും നിയമിച്ചു. അബ്ദുൽ അസീസ് ബിൻ അലി അൽ അബ്ദുൽകരീമിനെ മാറ്റിയാണ് നിയമനം.
ഊർജ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹിനെ കഴിഞ്ഞ ദിവസം സൗദി അറാംകൊയുടെ ചെയർമാൻ സ്ഥാനത്ത്‌നിന്നും നീക്കിയിരുന്നു. യാസിർ അൽറുമയ്യാനെയാണ് പകരം നിയമിച്ചത്. ഊർജ മന്ത്രാലയത്തെ സൗദി അറാംകൊയിൽ നിന്ന് വേർപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഊർജ മന്ത്രിക്കു പകരം സൗദി അറാംകൊ ഡയറക്ടർ ബോർഡ് ചെയർമാൻ പദവിയിൽ യാസിർ അൽറുമയ്യാനെ നിയമിച്ചത്. അടുത്ത വർഷം സൗദി അറാംകൊയുടെ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽപന നടത്തുന്നതിന് നീക്കമുണ്ട്. ഇതിനു മുന്നോടിയായി കൂടിയാണ് ഊർജ മന്ത്രാലയത്തെയും സൗദി അറാംകൊയെയും വേർപ്പെടുത്തുന്നത്.
സൗദി അറേബ്യക്ക് വേണ്ടി ഇത്രയും കാലം സേവനം ചെയ്യാൻ അവസരം നൽകിയതിൽ അൽ ഫാലിഹ് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നന്ദി അറിയിച്ചു. തന്റെ പിൻഗാമിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഊർജമേഖലയിൽ മികച്ച അനുഭവ സമ്പത്തുമായാണ് അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ മന്ത്രി പദവിയിൽ എത്തുന്നത്. 1985-ൽ ഊർജമന്ത്രിയുടെ ഉപദേശകനായിരുന്നു. അന്ന് ഇരുപത് വയസ് മാത്രമായിരുന്നു അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരന്റെ പ്രായം. 1995-ൽ ഊർജമന്ത്രിയായി ഒരു ദശാബ്ദം സേവനം ചെയ്തു. 2017-ൽ എണ്ണമേഖലയിലെ സഹമന്ത്രിയായിരുന്നു. പെട്രോളിയം ആന്റ് മിനറൽസിൽ ബിരുദധാരിയാണ്.