തൃശൂര്‍- സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ (72) അന്തരിച്ചു. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 4.17നായിരുന്നു അന്ത്യം. മധ്യകേരളത്തിലെ സമസ്തയുടെ മുന്‍നിര നേതാവായ ഹൈദ്രോസ് മുസ്ലിയാര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സഹപാഠിയാണ്. ഖബറടക്കം ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പാലപ്പള്ളി പുളിക്കണ്ണിയിലെ ദാറു തഖ്വയില്‍ നടക്കും. ജന്മനാടായ ഏലംകുളം പാലത്തോളിലാണ് ഇപ്പോള്‍ മയ്യിത്ത് ഉള്ളത്. രണ്ടു മണിയോടെ പുഴികണ്ണിയിലെ ദാറു തഖ്‌വയിലേക്ക് കൊണ്ടു പോകും. സമസ്ത നേതാക്കളായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവരടക്കം നിരവധി പ്രമുഖര്‍ സന്ദര്‍ശിച്ചു.
പെരിന്തല്‍മണ്ണ ഏലംകുളം പാലത്തോട് തെക്കുംപുറം പൊന്നാക്കാരന്‍ സെയ്ദാലിയുടേയും ആയിഷ ഉമ്മയുടേയും ഏഴാമത്തെ മകനായി 1947 ഓഗസ്റ്റ് 15നായിരുന്നു ഹൈദ്രോസ് മുസ്ലിയാരുടെ ജനനം. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരുടെ പ്രധാന ശിഷ്യനും മുരീദുമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസവും ദറസ് പഠനവും പൂര്‍ത്തിയാക്കിയ അദ്ദേഹം പട്ടിക്കാട് ജാമിഅ നൂരിയയില്‍ ചേര്‍ന്ന് ഫൈസി ബിരുദവും നേടി.