കണ്ണൂര്‍- വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 12 വര്‍ഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും. പിലാത്തറ ചെറുതാഴത്തെ ആദം വീട്ടില്‍ ജെയിംസ് ആന്റണി (48) യെയാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2015 ക്രിസ്മസ് തലേന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പിതാവും മകനുമൊരുമിച്ച് പള്ളിയിലേക്ക് പാതിരാ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് യുവതി ആസിഡ് ആക്രമണത്തിനിരയായത്.
ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തി വഴിയരികില്‍ ഒളിച്ചിരുന്ന പ്രതി, കൈയില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. യുവതിക്കും മകനും സാരമായി പൊളളലേല്‍ക്കുകയും ചെയ്തു. യുവതിയുടെ പിതാവ് റോബര്‍ട്ട് നല്‍കിയ പരാതിയില്‍ പരിയാരം പോലീസാണ് കേസെടുത്തതും പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തതും.
യുവതിയെ പ്രതി നേരത്തെ പല തവണ ശല്യപ്പെടുത്തിയിരുന്നു. യുവതിയുടെ വിവാഹബന്ധം പോലും ഇയാള്‍ ഇടപെട്ട് വേര്‍പെടുത്തി. എന്നാല്‍ ഇയാളുടെ ഇംഗിതത്തിന് വഴങ്ങാന്‍ യുവതി തയാറായില്ല. ഈ വിരോധമാണ് ആക്രമണത്തിന് കാരണം. പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.
പ്രതിയുടെ സ്വത്തുക്കള്‍ ഉപയോഗിച്ച് പിഴ തുകയായ 10 ലക്ഷം ഈടാക്കണമെന്നും, ഈ തുക ആക്രമണത്തിനിരയായ യുവതിക്കും മകനും നല്‍കണമെന്നും, പിഴ തുക ഈടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 3 വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ഫോറന്‍സിക് സര്‍ജന്‍ ഡോ. എസ്.ഗോപാലകൃഷ്ണപിളള അടക്കമുള്ള സാക്ഷികളെ വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീ. ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ. സി.കെ.രാമചന്ദ്രന്‍ ഹാജരായി.