മഞ്ചേരി- പന്ത്രണ്ടുകാരിയെ ഗർഭിണിയാക്കിയ അമ്പത്തൊമ്പതുകാരനെ മഞ്ചേരി പോക്‌സോ സ്‌പെഷൽ കോടതി പത്തു വർഷം കഠിന തടവിനും അര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പോത്തുകല്ല് മുണ്ടേരി ചാലിക്കൽ കോളനിയിലെ പാലനെ (57) ആണ് ജഡ്ജി എ.വി നാരായണൻ ശിക്ഷിച്ചത്. 2017 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ജോലിക്കായി പോയതായിരുന്നു കുട്ടിയുടെ രക്ഷിതാക്കൾ. രക്ഷിതാക്കൾക്കൊപ്പം പോയ ബാലികയെ ഇവരുടെ സംഘത്തിലുണ്ടായിരുന്ന പ്രതി ജോലി സ്ഥലത്തെ ഷെഡിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നു രക്ഷിതാക്കൾ ഡോക്ടറെ കാണിച്ചപ്പോൾ ഗർഭിണിയാണെന്നു കണ്ടെത്തി. ഇതോടെയാണ് പീഡന വിവരം പുറത്തായത്. 2017 മെയ് മാസത്തിൽ വീട്ടിൽ വെച്ചും പല തവണ പ്രതി കുട്ടിയെ പീഡനത്തിനു വിധേയയാക്കിയിരുന്നു. പിന്നീട് കോഴിക്കോട്ടു വെച്ചു ബാലികയെ ഗർഭഛിദ്രത്തിനു വിധേയയാക്കി. തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പ്രതിയുടെ പങ്ക് തെളിഞ്ഞിരുന്നു. 27 സാക്ഷികളുള്ള കേസിൽ 23 പേരെ പ്ലബിക് പ്രോസിക്യൂട്ടർ ഐഷ പി.ജമാൽ കോടതി മുമ്പാകെ വിസ്തരിച്ചു. 23 രേഖകളും ഹാജരാക്കി. എടക്കര സി.ഐ പി. അബ്ദുൾ ബഷീറാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 2017 സെപ്റ്റംബർ 16ന് അറസ്റ്റിലായ പ്രതി ജാമ്യമെടുക്കാൻ ആളില്ലാതെ മഞ്ചേരി സ്‌പെഷൽ സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്നു.
കോടതി വിധിച്ച പിഴസംഖ്യ പ്രതി അടക്കുന്ന പക്ഷം തുക പീഡനത്തിനിരയായ ബാലികക്ക് നൽകാനും പിഴയടക്കാത്ത പക്ഷം ആറു മാസത്തെ അധിക കഠിന തടവ് അനുഭവിക്കാനും കോടതി വിധിച്ചു. അതോടൊപ്പം സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നു ബാലികക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കുന്നതിനു ലീഗൽ സർവീസസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി.