തിരുവനന്തപുരം- വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ തിരുവനന്തപുരത്ത് വീണ്ടും സജീവമാകുന്നു. കാനഡയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന മുട്ടട സാംസണ്‍ & സണ്‍സ് അപാര്‍ട്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന ഫാജോര്‍ണ്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇമൈഗ്രെഷന്‍ കണ്‍സള്‍ടന്റ് സ്ഥാപനത്തില്‍ പേരൂര്‍ക്കട ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സൈജുനാഥിന്റെ നേതൃത്വത്തില്‍ റെയ്ഡ് ചെയ്തു. കാനഡയില്‍ പ്ലംബര്‍ മുതല്‍ അക്കൗണ്ടന്റ് വരെയുള്ള ഒഴിവുകളുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതിനായി ഇവര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ആളൊന്നിന് 3.5 ലക്ഷം രൂപയും അതിന് മുകളിലുമാണ് വിസയ്ക്കായി വാങ്ങുന്നത്. തട്ടിപ്പ് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിനുത്തരവിട്ടതായും അന്വേഷണത്തിനായി പേരൂര്‍ക്കട സിഐയെ ചുമതലപ്പെടുത്തിയതായും സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ് പറഞ്ഞു. തുടക്കത്തില്‍ തന്നെ സ്ഥാപനത്തിന്റെ തട്ടിപ്പ് പുറത്ത് വന്നതിനാല്‍ സാമ്പത്തിക തട്ടിപ്പിനുള്ള വന്‍ നീക്കമാണ് പൊലീസിന്റെ ഇടപെടലിലൂടെ തടയാന്‍ സാധിച്ചിരിക്കുന്നതെന്ന് പേരൂര്‍ക്കട ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സൈജുനാഥ് പറഞ്ഞു.
ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് വിദേശത്ത് തൊഴിലിനായി പണമിടപാട് നടത്തിയിട്ടുള്ളവര്‍ ഉടന്‍ തന്നെ 9497987005 എന്ന നമ്പറില്‍ പേരൂര്‍ക്കട സിഐയുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. കാനഡയിലെ ഒരു അഗ്രോ ഫാമിലേക്ക് അടിയന്തിരമായി ജോലിക്ക് ആളെ ആവശ്യമുണ്ടെന്നെ രീതിയിലാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുന്നത്. മുട്ടടയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ അതേ മേല്‍വിലാസത്തില്‍ ട്രഫാഡസ് ഇന്റര്‍നാഷണല്‍ എന്ന മറ്റൊരു സ്ഥാപനവും നാല് മാസം മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് മറ്റെന്തെങ്കിലും തട്ടിപ്പുമായി ബന്ധമുണ്ടോയെന്ന് ഉള്‍പ്പടെയുള്ള കാര്യം പൊലീസ് നിരീക്ഷിച്ചു വരികയാണ്.