ദമാം- അൽഖഫ്ജിയിൽ ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റിനു നേരെ നിറയൊഴിച്ച പ്രതിയെ അറസ്റ്റ് ചെയ്തതായി കിഴക്കൻ പ്രവിശ്യ പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ 5.30 ന് ആണ് അൽഖഫ്ജി ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റിന്റെ പിൻവശത്തെ മതിലിനു നേരെ യന്ത്രത്തോക്കിൽനിന്ന് വെടിവെപ്പുണ്ടായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മയക്കുമരുന്ന് കേസുകളിൽ മുമ്പും ഉൾപ്പെട്ട പ്രതിയാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി ഹഫർ അൽബാത്തിനിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഹഷീഷും ലഹരി ഗുളികകളും പ്രതിയുടെ പക്കൽ കണ്ടെത്തി. വെടിവെപ്പ് നടത്തി രക്ഷപ്പെടുന്നതിന് പ്രതി ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.