കോഴിക്കോട് - മോട്ടോർ വാഹന നിയമം ലംഘിക്കുന്ന വാഹന ഉടമകളുടെ അക്കൗണ്ടിൽ നിന്നു നേരിട്ട് പിഴ ഈടാക്കുന്ന സംവിധാനം നടപ്പിൽ വരുത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതായി മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
റോഡിൽ തടഞ്ഞുനിർത്തിയുള്ള പരിശോധന ഒഴിവാക്കും. എല്ലായിടത്തും ക്യാമറകൾ സ്ഥാപിച്ച് അതിൽനിന്ന് ലഭിക്കുന്ന നിയമ ലംഘനത്തിന് ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിഴത്തുക പിൻവലിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി റോഡിൽ പരിശോധിച്ച് ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതി ഒഴിവാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഹോണ്ടയുടെ സഹകരണത്തോടെ സജ്ജീകരിച്ച സംസ്ഥാനത്തെ ആദ്യ സേഫ്റ്റി ഡ്രൈവിംഗ് എജ്യുക്കേഷണൽ സെന്റർ ചേവായൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ട്രാഫിക് ബോധവൽക്കരണ പരിപാടി സംസ്ഥാനത്തെ സെക്കണ്ടറി - ഹയർ സെക്കണ്ടറി സ്‌കൂളുകളിലേക്കു വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സ്‌കൂളുകളിൽ സംസ്ഥാനത്ത് 48,000 ക്ലാസ് മുറികളുണ്ട്. ഇവയെല്ലാം സ്മാർട്ട് ക്ലാസ് മുറികളാണ്. അവ ഉപയോഗപ്പെടുത്തി വിദ്യാർഥികൾക്ക് അവബോധം നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. പദ്ധതി കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്നതിനുള്ള സാധ്യത സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
പുതിയ മോട്ടോർ വാഹന നിയമപ്രകാരം പിഴ കൂട്ടിയപ്പോൾ ഹെൽമറ്റ് ധരിക്കുന്നവരുടെ എണ്ണത്തിൽ പത്തു ശതമാനം വർധന വന്നിട്ടുണ്ട്. തെറ്റു ചെയ്യുമെന്ന് വാശി പിടിക്കുന്നവർക്കാണ് നിയമത്തെക്കുറിച്ച് പേടിയുള്ളത്. അല്ലാത്തവർക്ക് പേടിയില്ല. ഇരുചക്ര വാഹനങ്ങൾ ഇന്നു കുടുംബ വാഹനമായി മാറി. അതിൽ അച്ഛനും അമ്മയും രണ്ടു മക്കളുമാണ് യാത്ര ചെയ്യുന്നത്. ആ സ്ഥിതി മാറണം. നിയമം അനുസരിക്കുന്നതു സർക്കാരിനു വേണ്ടിയല്ല. തങ്ങളുടെ സുരക്ഷയ്ക്കാണെന്ന് യാത്രക്കാരന് ബോധം വേണം. സംസ്ഥാനത്ത് വാഹനാപകടത്തിൽ മരിക്കുന്ന 80 ശതമാനം പേരും ഇരുചക്ര വാഹന യാത്രക്കാരാണ്. ഇതിലാകട്ടെ 18 ശതമാനം പേരും പ്രായപൂർത്തിയാകാത്ത ചെറുപ്പക്കാരാണെന്നും പലതിനോടും നിഷേധാത്മക സമീപനമാണ് പുതിയ തലമുറയ്‌ക്കെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ മീര ദർശക് അധ്യക്ഷയായിരുന്നു. ജില്ല കലക്ടർ സാംബശിവ റാവു, ജോയന്റ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത്, ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാൻഡ് ആൻഡ് കമ്യൂണിക്കേഷൻ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ്, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ വിനേഷ് എന്നിവർ പ്രസംഗിച്ചു. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവർക്കും ഗതാഗത നിയമങ്ങൾ തെറ്റിക്കുന്നവർക്കും അവബോധവും പരിശീലനവും നൽകുന്നതിനാണ് ഹോണ്ടയുമായി സഹകരിച്ച് പരിശീലന കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. റോഡ് നിയമങ്ങൾ, സിഗ്‌നലുകൾ, സുരക്ഷിതമായി വാഹനം ഓടിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയ്ക്കു പുറമെ ഇരുചക്ര വാഹനം ഓടിക്കുന്നവർക്കുള്ള ഹോണ്ടയുടെ വിർച്വൽ റോഡ് സേഫ്റ്റി സിമുലേറ്ററിലുള്ള പരിശീലനവും ഈ കേന്ദ്രത്തിലൂടെ നൽകും. രണ്ടു മണിക്കൂർ സൗജന്യ പരിശീലനം ആണ് ഹോണ്ട നൽകുന്നത്. കണ്ണൂരടക്കം മറ്റു ജില്ലകളിലും പരിശീലന കേന്ദ്രങ്ങൾ തുടങ്ങുവാൻ പദ്ധതിയുണ്ടെന്നും ഹോണ്ട വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് അറിയിച്ചു.