മുക്കം - ഗെയിൽ കടന്നു പോകുന്ന വഴിയിലെ കുന്നുകൾ തുളക്കാനുപയോഗിക്കുന്ന രാസ ലായനി ശേഖരിച്ച ബണ്ട് പൊട്ടി കാരശ്ശേരി പഞ്ചായത്തിലെ സർക്കാർപറമ്പ് പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും അടിയന്തര പരിഹാരം കാണണമെന്നും സംഭവസ്ഥലം സന്ദർശിച്ച ശേഷം വെൽഫെയർ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. സമര സമിതി നേതാക്കളുമായും നാട്ടുകാരുമായും സംഘം ചർച്ച നടത്തി.
ലായനിയിൽ കെമിക്കൽ ഉള്ളതിനാൽ ശരീരം സ്പർശിക്കരുതെന്നാണ് ഗെയിൽ ഉദ്യോഗസ്ഥർ നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ ലായനിയിലടങ്ങിയത് മുൾട്ടാണിമിട്ടിയാണെന്നും അത് പ്രകൃതിദത്തമാണെന്നുമാണ് ഗെയിലധികൃതരുടെ അവകാശവാദം. ലായനി ശാസ്ത്രീയ പരിശോധന നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ഗെയിൽ സമരസമിതി രക്ഷാധികാരി കെ.സി അൻവർ ആവശ്യപ്പെട്ടു. ഗെയിലിന്റെ അശാസ്ത്രീയ പ്രവൃത്തി കാരണം നിരവധി വീട്ടുകാർ ആശ്രയിക്കുന്ന റോഡ് ഉപയോഗശൂന്യമായ അവസ്ഥയിലാണെന്നും മണ്ണ് കൂട്ടിയിട്ടതിനാൽ മഴ പെയ്യുമ്പോൾ വീട്ടുവളപ്പിലേക്ക് മണ്ണൊലിക്കുകയാണെന്നും ഗെയിൽ സമരസമിതി വൈസ് പ്രസിഡന്റ് ജബ്ബാർ സഖാഫി പറഞ്ഞു.
ലായനിയടങ്ങിയ ബണ്ട് പൊട്ടിയൊലിച്ചതിനാൽ സമീപ പ്രദേശങ്ങളിലെ കിണർ വെള്ളത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തി ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന് വെൽഫയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയംഗം ചാലിൽ അബ്ദു മാസ്റ്റർ പറഞ്ഞു.
ഗെയിൽ സമര സമിതി നേതാക്കളായ മുജീബുറഹ്മാൻ, ഫൈസൽ, വെൽഫെയർ പാർട്ടി മണ്ഡലം മീഡിയ സെക്രട്ടറി സാലിം ജീറോഡ്, അസൈൻ, താളത്തിൽ ഖാദർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.