കൊണ്ടോട്ടി - വലിയപറമ്പിൽ സംസ്ഥാന ഹാർബർ എൻജിനീയറിംഗ് വകുപ്പിന് കീഴിലുള്ള ഭൂമി സ്വകാര്യ സൊസൈറ്റിക്ക് കൈമാറാനുള്ള നീക്കം നടക്കുന്നതായി അറിഞ്ഞ് ടി.വി ഇബ്രാഹിം എം. എൽ.എയുടെ നേതൃത്വത്തിലുള്ള യു.ഡി. എഫ് സംഘം സ്ഥലം സന്ദർശിച്ചു. വലിയപറമ്പ് വടക്കൻ മലയിൽ കാൽ നൂറ്റാണ്ട് മുമ്പ് പ്രവർത്തനം നിർത്തിയ തുറമുഖ വകുപ്പിന്റെ രണ്ട് ക്വാറികളടക്കമുള്ള ഏക്കർ കണക്കിന് ഭൂമിയാണ് ക്വാറി മാഫിയക്ക് ലീസിന് പാറ പൊട്ടിക്കാൻ കൈമാറാനുള്ള രഹസ്യ നീക്കം നടക്കുന്നത്.
കടൽ ഭിത്തി കെട്ടാനുള്ള വലിയ കല്ലുകളായിരുന്നു ഇവിടെ നിന്നും പൊട്ടിച്ച് കൊണ്ടുപോയിരുന്നത്. ജനവാസ കേന്ദ്രങ്ങളിൽ നിന്നുണ്ടായ എതിർപ്പും വലിയൊരു അപകടവുമാണ് ഇവിടെ ക്വാറി പ്രവർത്തനം നിർത്താൻ ഇടയാക്കിയത്. ചെന്നീരി ഹരിജൻ കോളനി, ചോലക്കാട്, കരിമ്പൻചോല തുടങ്ങിയ പ്രദേശങ്ങൾ ഈ ക്വാറികളോട് ചേർന്നാണ് കിടക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ രജിസ്റ്റർ ചെയ്ത പുതിയ സൊസൈറ്റിക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ പാറ പൊട്ടിക്കാനുള്ള അനുമതി നൽകാൻ അധികൃതർ തിടുക്കം കൂട്ടുന്നതിൽ ദുരൂഹതയുണ്ട്.
ഈ സ്ഥലം മാത്രം ലക്ഷ്യം വെച്ച് രൂപംകൊണ്ട സൊസൈറ്റിക്ക് ഭൂമി കൈമാറാൻ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും പ്രത്യേകം താൽപര്യം കാണിക്കുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്. സർക്കാർ നീക്കത്തെ ശക്തമായി ചെറുക്കാൻ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എം.എൽ.എയുടെ നേതൃത്വത്തിൽ യു.ഡി.എഫ് സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.
എം.എൽ.എയോടൊപ്പം യു.ഡി.എഫ് നേതാക്കളായ കെ.കെ ആലിബാപ്പു, അഷ്‌റഫ് മടാൻ, പി.പി മൂസ, പി.എ ജബ്ബാർ ഹാജി, പി.എ അബ്ദുൽ അലി മാസ്റ്റർ, ടി.ആലി ഹാജി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സറീന അസീസ്, വൈസ് പ്രസിഡണ്ട് അൻവർ സാദത്ത്, ബ്ലോക്ക് മെമ്പർ പി.എ നസീറ, രായീൻകുട്ടി നീറാട്, നസീം പുളിക്കൽ, അഡ്വ. കെ.പി.മുജീബ് റഹ്മാൻ, എ.എ സലാം, എ.കെ പോക്കരുട്ടി, സി.അലവിക്കുട്ടി, കെ.പി ജമാലുദ്ദീൻ, കെ.എം ഇസ്മായിൽ, പഞ്ചായത്തംഗങ്ങളായ ചീരങ്ങൻ മുഹമ്മദ് മാസ്റ്റർ, സുനീറ അബ്ദുൽ വഹാബ്, കെ.വി ഹുസ്സൻകുട്ടി, പി.പി ഉമ്മർ, ആമിന അബ്ദുൽ മജീദ്, ഇ.എം ബിച്ചാപ്പു, കെ.എം അലി, സുബൈദ തുടങ്ങിയവരുമുണ്ടായിരുന്നു.