അബഹ - ബില്ലസ്മറിൽ ഭക്ഷ്യ വിഷബാധക്ക് കാരണമായ റസ്റ്റോറന്റ് അടപ്പിക്കുന്നതിന് അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരൻ ഉത്തരവിട്ടു. റസ്റ്റോറന്റിലെ ഭക്ഷ്യവസ്തുക്കൾ കസ്റ്റഡിയിലെടുത്ത് പരിശോധനക്കായി ലാബിലേക്ക് അയക്കുന്നതിനും ഗവർണർ ഉത്തരവിട്ടിട്ടുണ്ട്. ബില്ലസ്മറിലെ സ്ഥാപനത്തിൽനിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച 23 പേർക്ക് ഭക്ഷ്യ വിഷബാധയേൽക്കുകയായിരുന്നു. ഇവരെ ബില്ലസ്മർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കൂട്ടത്തിൽ ആറു പേർ കുട്ടികളും എട്ടു പേർ പുരുഷന്മാരും ഒമ്പതു പേർ സ്ത്രീകളുമാണ്. ഒരാൾ ആശുപത്രി വിട്ടു. അവശേഷിക്കുന്നവർ ചികിത്സയിലാണ്.
ഛർദിയും വയറു വേദനയും അതിസാരവും അടക്കമുള്ള ലക്ഷണങ്ങളോടെ 23 പേരെയാണ് ബില്ലസ്മർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അസീർ ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. പ്രദേശത്തെ റസ്റ്റോറന്റിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചതിൽ നിന്ന് ഇവർക്ക് വിഷബാധയേൽക്കുകയായിരുന്നെന്ന് വ്യക്തമായി. ഇവർക്ക് ആവശ്യമായ മരുന്നുകൾ നൽകുകയും രക്ത, മൂത്ര സാമ്പിളുകൾ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തു. റസ്റ്റോറന്റിലെ തൊഴിലാളികളെയും ബന്ധപ്പെട്ട വകുപ്പുകൾ ഉടനടി വിളിച്ചുവരുത്തി പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന് അസീർ ഗവർണർ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും നിയമാനുസൃതമായ ഏറ്റവും കടുത്ത നടപടികൾ സ്വീകരിക്കുന്നതിനും തുർക്കി ബിൻ ത്വലാൽ രാജകുമാരൻ അസീർ നഗരസഭക്കും നഗരസഭക്കു കീഴിലെ ശാഖാ ബലദിയകൾക്കും നിർദേശം നൽകി. ഗവർണർ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ പോലീസും നഗരസഭാധികൃതരും ചേർന്ന് റസ്റ്റോറന്റ് അടപ്പിച്ചു.