റിയാദ് - ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ നൽകുന്നു. ഇതിനായുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അനുയോജ്യമായ ചികിത്സാ നിരക്കുകളും നിർണയിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ ചർച്ച നടത്തിവരികയാണ്.
ഏതാനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിരക്ക് ഈടാക്കിയുള്ള ചികിത്സകൾ നൽകുന്നതിന് തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് ചികിത്സകൾ നൽകുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ചികിത്സാ നിരക്കുകളും നിർണയിക്കുന്നതിന് കൗൺസിൽ ഓഫ് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസുമായി ഏകോപനം നടത്തിവരികയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നിരക്ക് ഈടാക്കി ചികിത്സ നൽകുന്ന സേവനം ജനറൽ ആശുപത്രികളിൽ വർഷങ്ങൾക്കു മുമ്പ് ആരോഗ്യ മന്ത്രാലയം ആരംഭിച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിൽ വിദേശികൾക്കാണ് നിരക്ക് ഈടാക്കി ചികിത്സ നൽകുന്നത്. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ഈ സേവനം നടപ്പാക്കുന്ന ആശുപത്രികളിൽ വികസന പദ്ധതികൾ നടപ്പാക്കുന്നതിനാണ് വിനിയോഗിക്കുന്നത്.