Sorry, you need to enable JavaScript to visit this website.

അബ്ദുല്ല മുർസിക്ക് പിതാവിനു  സമീപം അന്ത്യവിശ്രമം

അബ്ദുല്ല മുർസി മകനൊപ്പം

കയ്‌റോ - മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് മുഹമ്മദ് മുർസിയുടെ പുത്രൻ അബ്ദുല്ല മുർസിക്ക് പിതാവിന്റെ ഖബറിനരികിൽ അന്ത്യവിശ്രമം. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്ത  മയ്യിത്ത് ഇന്നലെ പുലർച്ചെ രണ്ടു മണിക്കാണ് കയ്‌റോക്ക് കിഴക്ക് നസ്ർ സിറ്റിയിലെ അൽവഫാ വൽഅമൽ ഏരിയയിലെ ഖബർസ്ഥാനിൽ മറവു ചെയ്തത്. അബ്ദുല്ല മുർസിയുടെ ഭാര്യയും മകനും മകളും പിതൃസഹോദരന്മാരും അമ്മാവന്മാരും കുടുംബ അഭിഭാഷകനും അനന്തര ചടങ്ങുകളിൽ പങ്കെടുത്തു. 


മരണ കാരണം നിർണയിക്കുന്നതിന് അബ്ദുല്ല മുർസിയുടെ മയ്യിത്ത് പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിന് സൗത്ത് ജീസ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിക്കുകയായിരുന്നു. കടുത്ത സുരക്ഷാ ബന്തവസിലാണ് പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മൃതദേഹം സുരക്ഷാ വകുപ്പുകൾ കൊണ്ടുപോയത്. മരണ കാരണത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കുന്നതിന് ഫോറൻസിക് ഡിപ്പാർട്ട്‌മെന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മരുന്നുകൾ കഴിച്ചതിന്റെ ഫലമായി ഹൃദയപേശികൾ പ്രവർത്തന രഹിതമായതാണ് മരണ കാരണമെന്ന് ആശുപത്രിയിൽ നിന്ന് നൽകിയ പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. ഗുരുതരമായ പാർശ്വഫലങ്ങളുള്ള മരുന്നുകൾ കഴിച്ചതാണ് അബ്ദുല്ല മുർസിക്ക് ഹൃദയാഘാതമുണ്ടാകുന്നതിന് കാരണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 


അബ്ദുല്ല മുർസിയുടെ മരണത്തിൽ അസ്വാഭാവികത സംശയിക്കുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. മയ്യിത്ത് അൽശർഖിയ്യയിൽ മറവു ചെയ്യുന്നതിന് കുടുംബം അനുമതി തേടിയിരുന്നെങ്കിലും അധികൃതർ നിരാകരിച്ചു. പകരം കയ്‌റോയിലെ അൽനസ്ർ സിറ്റിയിൽ മയ്യിത്ത് മറവു ചെയ്യുന്നതിനാണ് അധികൃതർ അനുമതി നൽകിയത്. മുഹമ്മദ് മുർസിയുടെ ഇളയ മകനായ അബ്ദുല്ല മുർസി വ്യാഴാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്. സുഹൃത്തിനൊപ്പം കാറോടിച്ചു പോകുന്നതിനിടെ 26 കാരന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. സുഹൃത്താണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ വെച്ച് അന്ത്യശ്വാസം വലിക്കുകയായിരുന്നു.

Latest News