ബുറൈദ - ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ കേസിൽ ഈജിപ്തുകാരനും സൗദി വനിതക്കും ബുറൈദ ക്രിമിനൽ കോടതി പിഴ ചുമത്തി. ബുറൈദയിൽ സ്വന്തം നിലക്ക് അത്തർ വ്യാപാര സ്ഥാപനം നടത്തിയ ഈജിപ്തുകാരൻ അലി മുഹമ്മദ് ഹസാനൈൻ, ഇതിന് കൂട്ടുനിന്ന സൗദി വനിത മിസ്‌ല ബിൻത് മുഹമ്മദ് അൽഹർബി എന്നിവർക്കാണ് കോടതി പിഴ ചുമത്തിയത്.
ശിക്ഷ പൂർത്തിയാക്കിയ ശേഷം ഈജിപ്തുകാരനെ സൗദിയിൽ നിന്ന് നാടുകടത്തുന്നതിനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുന്നതിനും വിധിയുണ്ട്.
സൗദി വനിതയുടെയും ഈജിപ്തുകാരന്റെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഇരുവരുടെയും ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.
സൗദി വനിതയും ഈജിപ്തുകാരനും ചേർന്ന് പാർട്ണർഷിപ്പോടെ അത്തർ നിർമാണ, വ്യാപാര സ്ഥാപനം ആരംഭിക്കുകയായിരുന്നു. ബിസിനസ് സ്ഥാപനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഈജിപ്തുകാരൻ സൗദി വനിതക്ക് ഒരു ലക്ഷം റിയാലിന്റെ ചെക്ക് കൈമാറിയിരുന്നു. ഇത് പിന്നീട് ബാങ്കിൽ നൽകിയപ്പോൾ അക്കൗണ്ടിൽ പണമില്ലെന്ന് പറഞ്ഞ് മടങ്ങി. ഇതോടെ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ച ഈജിപ്തുകാരനെതിരെ സൗദി വനിത കേസ് നൽകി.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഈജിപ്തുകാരൻ അത്തർ വ്യാപാര സ്ഥാപനം ബിനാമിയായി നടത്തുന്നതായും ഇതിന് സൗദി വനിത കൂട്ടുനിൽക്കുന്നതായും കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരായ കേസ് നിയമ നടപടികൾക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.