റിയാദ്- റീ എന്‍ട്രിയില്‍ സൗദി വിട്ട ശേഷം തിരിച്ചുവരാത്ത വിദേശികളുടെ ഇഖാമ (ഹവിയ്യ) തിരിച്ചേല്‍പിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ലെവി, പിഴ തുടങ്ങിയ ബാധ്യതകള്‍ ഒഴിവാകില്ല. റീ എന്‍ട്രി വിസാ കാലാവധി അവസാനിച്ച് 30 ദിവസത്തിനു ശേഷമാണ് ഇഖാമ ജവാസാത്ത് ഓഫീസുകളില്‍ എത്തിക്കേണ്ടത്.
വിദേശ തൊഴിലാളികളുടേയും ആശ്രിതരുടെയും ഇഖാമകള്‍ തിരിച്ചേല്‍പിക്കുക നിര്‍ബന്ധമാണ്. ഇങ്ങനെ ഇഖാമ ജവാസാത്തില്‍ തിരിച്ചേല്‍പിച്ചാല്‍ മാത്രമേ അവരെ ജവാസാത്ത് കംപ്യൂട്ടര്‍ സിസ്റ്റത്തില്‍നിന്ന് നീക്കം ചെയ്യുകയുള്ളൂ.
തൊഴിലുടമകളുടെയും കുടുംബ നാഥന്മാരുടെയും ഉത്തരവാദിത്തം ഇല്ലാതാകണമെങ്കില്‍ ജവാസാത്ത് സിസ്റ്റത്തില്‍നിന്ന്് നീക്കം ചെയ്തിരിക്കണം. നിയമാനുസൃത ശിക്ഷയും ഫീസുകളും പിഴകളും ലെവികളും ഒഴിവാക്കപ്പെടാന്‍ ഇതു കര്‍ശനമായി പാലിച്ചിരിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.