തൃശൂർ- ചാലക്കുടി അഷ്ടമിച്ചിറയിലെ പെൺകുട്ടിയെ വശീകരിച്ച് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിലെ മൂന്ന്‌പേർ പ്രത്യേകാന്വേഷണ സംഘത്തിന്റെ പിടിയിലായി. പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച അന്നമനട വാഴേലി പറമ്പിൽ വീട്ടിൽ അനീഷ് കുമാർ (45) ഇയാളുടെ ഭാര്യ അനൂജ എന്ന ഗീതു (33), വാടാനപ്പിള്ളി ചിറയത്ത് വീട്ടിൽ ചന്ദ്രമോഹൻ (72) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ.പി.വിജയകുമാരന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘത്തിലെ തൃശൂർ ഡി.സി.ആർ.ബി ഡിവൈ.എസ്.പി പ്രദീപ് കുമാറും ചാലക്കുടി ഡിവൈ.എസ്.പി സി.ആർ.സന്തോഷും സംഘവും ചേർന്ന് പിടികൂടിയത്. മോഡലിംഗ് രംഗത്ത് അവസരം വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ സംഘം വശീകരിച്ചത്. മോഡലിംഗിന്റെ ആവശ്യത്തിനായി എന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ആലുവയിൽ പെൺകുട്ടിയെ എത്തിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് ഇതിന്റെ വീഡിയോയും മറ്റും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ വീണ്ടുമെത്തിച്ച് വിവിധയാളുകൾക്ക് വിലപേശി നൽകുകയായിരുന്നു. മോഡലിംഗിന്റെ ആവശ്യത്തിനെന്ന് പറഞ്ഞെടുത്ത ഫോട്ടോകളായിരുന്നു ഇടപാടുകാർക്ക് നൽകിയിരുന്നത്. ആവശ്യക്കാരിൽ നിന്നും വൻ തുകയാണ് ഇവർ ഈടാക്കിയിരുന്നത്.
പെൺകുട്ടി മാനസികമായി തകർന്നതിനെ തുടർന്ന് പെൺകുട്ടിയെ മാതാപിതാക്കൾ ചോദ്യം ചെയ്തതോടെയാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് പെൺവാണിഭ സംഘത്തെ പറ്റിയുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് സംഭവത്തിലെ മുഖ്യകണ്ണികളായവരെ പിടികൂടിയത്.