കൊണ്ടോട്ടി - ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്ക് ഓണാഘോഷത്തിന് പൂക്കളവും, സദ്യവട്ടവുമൊരുക്കാൻ വിമാനത്താവളങ്ങൾ വഴി കയറ്റി അയക്കുന്നത് ഓണപ്പൂക്കൾ മുതൽ നാക്കില വരെ. ഗൾഫിൽ ഓണവിഭവങ്ങൾ തയാറാക്കൻ ആവശ്യക്കാരേറിയതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്നുളള കാർഗോ കയറ്റുമതിയും ഗണ്യമായി വർധിച്ചു.
കരിപ്പൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നാണ് കയറ്റുമതി ഏറെയുളളത്. പതിവ് ബുക്കിംഗിന് പുറമെ കൂടുതൽ ഉൽപന്നങ്ങൾ ശേഖരിച്ച് സമയോജിതമായി കാർഗോ അയക്കാൻ ഏജന്റുമാർ മൽസരിക്കുകയാണ്. വർഷത്തിൽ ഏറ്റവും കൂടുതൽ ഗൾഫിലേക്കുള്ള കാർഗോ കയറ്റുമതി ഓണ സീസണിലാണ്.
പ്രളയത്തെ തുടർന്ന് ഈ വർഷം നാട്ടിൽ നിന്നുളള പഴം-പച്ചക്കറി ലഭ്യത കുറഞ്ഞതിനാൽ മുഴുവൻ ഉൽപന്നങ്ങൾക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണെന്ന് കയറ്റുമതിക്കാർ പറയുന്നു. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുളള ഉൽപന്നങ്ങളാണ് ഏറെയും എത്തുന്നത്. നാടൻ പച്ചക്കായക്കും, പഴത്തിനും വലിയ ഡിമാന്റാണുളളത്. മധുരയിലെ ഒട്ടഛത്രം മാർക്കറ്റ്, മൈസൂരു, ബംഗളൂരു, ആന്ധ്ര, കൊപ്പം എന്നിവിടങ്ങളിൽ നിന്ന് വാഹനങ്ങളിലെത്തിച്ച് പ്രത്യേകം പാക്ക് ചെയ്താണ് വിമാനങ്ങളിൽ കയറ്റി അയക്കുന്നത്.
ഓണത്തിന് പൂക്കൾക്കും, സദ്യ ഉണ്ണാൻ നാക്കിലക്കും ഗൾഫിൽ വലിയ ഡിമാന്റാണുളളത്. നാട്ടിൻപുറങ്ങളിൽ നിന്നുളളവക്ക് ഇതിനെല്ലാം ആവശ്യക്കാരേറെയാണ്. എന്നാൽ ഇത്തവണ പൂക്കളും, നാക്കിലയും പൂർണമായി എത്തുന്നത് അന്യസംസ്ഥാനത്ത് നിന്നാണ്. സത്യമംഗലത്ത് നിന്ന് എത്തുന്ന വാഴയിലയിലാണ് ഇത്തവണ ഗൾഫിലെ മലയാളി ഓണമുണ്ണുന്നത്. ഗൾഫിന് പുറമെ ലണ്ടനിലേക്കും വാഴയില കയറ്റുമതിയുണ്ട്. ശരാശരി കേരളത്തിൽ നിന്ന് മാത്രം രണ്ടര ടൺ വാഴയിലയാണ് കയറ്റുമതി ഇപ്പോഴുളളത്. പച്ചക്കായ, മുരിങ്ങാക്കായ, കൊത്തവര, വെണ്ട തുടങ്ങിയ പച്ചക്കറികൾ ഏറെ വിമാനം കയറുന്നുണ്ട്. ദുബായ്, ഖത്തർ മേഖലയിലേക്കാണ് കൂടുതൽ ഓണ വിഭവങ്ങൾ കയറുന്നത്.
കൊച്ചിയിൽ നിന്നാണ് കൂടുതൽ കാർഗോ കയറ്റുമതിയുളളത്. നേരത്തെ കരിപ്പൂരിലായിരുന്നെങ്കിലും എമിറേറ്റ്‌സ് എയർ അടക്കമുളള വലിയ വിമാനങ്ങൾ സർവീസ് ആരംഭിക്കാത്തത് കാർഗോ കയറ്റുമതിക്ക് തിരിച്ചടിയാകുന്നുണ്ട്. എന്നാലും ചെറിയ വിമാനങ്ങളിലെല്ലാം കാർഗോ അയക്കാൻ ഏജന്റുമാർ തിരക്കാണ്.